തിരുവനന്തപുരം: അമിതമായ രാഷ്ട്രീയവൽക്കരണം കാരണം കേരളം രാജ്യത്തെ ഏറ്റവും മോശം മാതൃകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. വിമർശിച്ചു. ദുബായിൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം ഒരുക്കാൻ ഹർത്താലുകൾ നിരോധിക്കാനും നിക്ഷേപക സംരക്ഷണ നിയമം കൊണ്ടുവരാനും തരൂർ ആവശ്യപ്പെട്ടു.(Excessive politicization, bad example, Shashi Tharoor criticizes Kerala)
സംസ്ഥാനം നിക്ഷേപക സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിൽ മുന്നേറ്റം നേടി എന്ന സർക്കാരിൻ്റെ അവകാശവാദങ്ങൾക്കിടെയാണ് തരൂരിൻ്റെ വിമർശനം. ഒരു ബിസിനസ് തുടങ്ങുന്നതിനായി വിവിധ സ്ഥലങ്ങളിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് തരൂർ വിമർശനം ഉന്നയിച്ചത്. സിംഗപ്പൂരിൽ ഒരു ബിസിനസ് തുടങ്ങാൻ വെറും 3 ദിവസമാണ് എടുക്കുന്നതെങ്കിൽ, ഇന്ത്യയിൽ അതിന് ശരാശരി 114 ദിവസമാണ് ആവശ്യം. എന്നാൽ, കേരളത്തിൽ ഇത് 236 ദിവസം വരെയാകുന്നു എന്നും തരൂർ പറഞ്ഞു.
ഒരു ബിസിനസ് തുടങ്ങാൻ ഇത്രയധികം കാലതാമസം എടുക്കുന്നത് തുടരാനാവില്ല. സർക്കാർ വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും മറ്റു മേഖലകളിലൊന്നും അതിൻ്റെ സൂചന കാണുന്നില്ല. സർക്കാർ നടപടിക്രമങ്ങളിലെ 75 ശതമാനവും എടുത്തുമാറ്റാവുന്നതാണ്. കേരള മോഡൽ വികസനം ഇരുപതാം നൂറ്റാണ്ടിൽ മികച്ചതായിരുന്നു, എന്നാൽ പുതിയ കാലത്തിന് അത് പോര.
നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിന് മുൻപ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷമല്ലേ മെച്ചപ്പെടേണ്ടത് എന്ന ചോദ്യത്തിനാണ് അമിത രാഷ്ട്രീയവൽക്കരണത്തെ കുറിച്ചുള്ള തരൂരിൻ്റെ മറുപടി വന്നത്. "ഇതൊരു ദേശീയ പ്രശ്നമാണ്, കേരളം അതിലെ മോശം ഉദാഹരണമാണ്. സ്വകാര്യ കോളേജുകളിലെ അധ്യാപകർ പോലും രാഷ്ട്രീയമാണ് ആദ്യം മുന്നിൽ വെയ്ക്കുന്നത്."നിക്ഷേപക സംരക്ഷണ നിയമം വരണം. ഹർത്താലുകൾ നിരോധിക്കണം. പാർട്ടി താൽപര്യങ്ങളല്ല, പൊതു താൽപര്യങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ദുബായിൽ സ്ഥിരമായി സംഘടിപ്പിക്കുന്ന ചർച്ചാ വേദിയാണ് കേരള ഡയലോഗ്സ്. വ്യവസായികൾ ഉൾപ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായിരുന്നു.