

പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങളാണ് സംസ്ഥാനം ഈ സർക്കാരിന്റെ കാലയളവിൽ കൈവരിച്ചതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. പാറശ്ശാല മണ്ഡലത്തിലും ഈ നേട്ടങ്ങൾ കാണാനാകുമെന്നും സംസ്ഥാനത്തിനാകെ മാതൃകയായ പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പിലാക്കിയതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആനാവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി പണികഴിപ്പിച്ച ലാബ് സമുച്ചയത്തിൻ്റെയും മിനി സെമിനാർ ഹാളിൻ്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമഗ്ര മേഖലകളിലും കേരളം ഇന്ന് മത്സരിക്കുന്നത് ലോകത്തോടാണെന്നും സ്കൂളുകളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച സി. കെ ഹരീന്ദ്രൻ എംഎൽഎ പറഞ്ഞു. ആനാവൂർ സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ ശാസ്ത്രീയമായി പുനഃക്രമീകരിക്കാനും ഹൈസ്കൂൾ കെട്ടിടം പുനർനിർമ്മിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സ്കൂളിൽ നാളിതുവരെ അഞ്ച് കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. സ്റ്റേഡിയം, വർണ്ണക്കൂടാരം, സ്മാർട്ട് ക്ലാസ്മുറികൾ തുടങ്ങിയവ അനുവദിച്ചു. സ്കൂളിലേക്കുള്ള റോഡ് താമസിയാതെ ബിഎം ബിസി നിലവാരത്തിൽ നവീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി 30 ലക്ഷം രൂപ ചെലവിലാണ് ലാബ് സമുച്ചയത്തിൻ്റെയും മിനി സെമിനാർ ഹാളിന്റെയും നിർമ്മാണം പൂർത്തിയാക്കിയത്. ഹയർ സെക്കൻഡറി ബ്ലോക്കിൻ്റെ മുകളിലായി രണ്ടാം നിലയിൽ ബോട്ടണി സുവോളജി ജിയോഗ്രഫി ലാബുകളും സെമിനാർ ഹാളും ഒരു ലാംഗ്വേജ് റൂമും എൻ.എസ്.എസ് റൂമുമാണ് നിർമ്മിച്ചിട്ടുള്ളത്. കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കിലയ്ക്കായിരുന്നു നിർമ്മാണ ചുമതല.
കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ.അമ്പിളി, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.വസന്തകുമാരി, ഹയർ സെക്കൻഡറി ആർഡിഡി അജിത.എസ്, എഇഒ പ്രേമലത.എസ്. ആർ, പ്രിൻസിപ്പൽ സീമ.പി. ജി, എച്ച്.എം മിനി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.