തിരുവനന്തപുരം: വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ ആന്റണി രാജു എംഎൽഎയ്ക്കും കൂട്ടുപ്രതി കെ.എസ്. ജോസിനും നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ആന്റണി രാജുവിന് എംഎൽഎ സ്ഥാനത്ത് തുടരാനായേക്കില്ല.(Evidence Corruption case, Antony Raju and co-accused to file appeal soon)
വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി, പ്രതികൾക്ക് അപ്പീൽ നൽകാനായി ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിലേക്ക് ഇരുപ്രതികൾക്കും ജാമ്യം അനുവദിച്ചു. ശിക്ഷാവിധിക്ക് എതിരെ ഉടൻ തന്നെ ഇരുവരും മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് വിവരം. അപ്പീൽ നടപടികൾ യഥാസമയം കോടതിയെ അറിയിക്കാനും നിർദ്ദേശമുണ്ട്.
രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കണമെന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാൽ, ആന്റണി രാജുവിന്റെ എംഎൽഎ സ്ഥാനം നഷ്ടമായേക്കും. വിധി പകർപ്പ് ലഭിച്ചാലുടൻ ഇതുസംബന്ധിച്ച വിജ്ഞാപനം നിയമസഭ സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുമെന്നാണ് സൂചന.
അതേസമയം, കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കുമ്പോൾ ആന്റണി രാജുവിന് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന വിലയിരുത്തലിലാണ് പ്രൊസീക്യൂഷൻ. കുറ്റകൃത്യത്തിന്റെ ആസൂത്രണവും ഗൗരവവും കീഴ്ക്കോടതി ശരിയായി പരിഗണിച്ചില്ല. അർഹമായ ശിക്ഷ ഉറപ്പാക്കാൻ പ്രൊസീക്യൂഷനും അപ്പീൽ നൽകിയേക്കും.