
തീയും വെള്ളവും രണ്ട് വിപരീത ഊർജ്ജങ്ങളാണ്. എത്ര ആളിക്കത്തുന്ന തീയാണ് എങ്കിലും ഒരല്പം വെള്ളം മതിയാകും തീയണയ്ക്കുവാൻ. രണ്ടും വിപരീത ഊർജ്ജങ്ങൾ ആയതുകൊണ്ട് തന്നെ ഒരുമിച്ചുള്ള നിലനിൽപ്പ് അസാധ്യമാണ്. വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരു പ്രദേശത്ത് തീ കത്തുമോ? അതും വെള്ളച്ചാട്ടത്തിൽ തീ കത്തുമോ, അത് എങ്ങനെ സാധ്യമാകും. സാധ്യമാണ് പ്രകൃതിയെ കൊണ്ട് അസാധ്യമായത് ഒന്നും തന്നെയില്ല എന്ന് തെളിയിക്കുകയാണ് 'എറ്റേണല്‍ ഫ്ലെയിം വാട്ടര്‍ഫാള്‍', വെള്ളച്ചാട്ടത്തിലെ തീജ്ജ്വാല (Eternal Flame Falls).
ഒട്ടേറെ വ്യത്യസ്ത വെള്ളച്ചാട്ടങ്ങൾ ഉണ്ട് നമ്മുക്ക് ചുറ്റും, വലിപ്പം കൊണ്ടും ആഴം കൊണ്ടും ലോക പ്രശസ്തി നേടിയ നിരവധി ഇക്കൂട്ടത്തിൽ ഉണ്ട്. ന്യൂയോർക്കിലെ ചെസ്നട്ട് ഉദ്യാനത്തിൽ ലോക ജനതയെ മുഴുവൻ ഞെട്ടിച്ച വെള്ളച്ചാട്ടമാണ്, എറ്റേണൽ ഫ്ലെയിം വാട്ടര്‍ഫാള്‍. പേരിന്റെ വലിപ്പം ഈ വെള്ളച്ചാട്ടത്തിന് ഇല്ല. ഈ കുഞ്ഞൻ വെള്ളച്ചാട്ടത്തിന്റെ അടിത്തട്ടിൽ ഒരു തീജ്ജ്വാലയുണ്ട്. യാതൊരുതരത്തിലുമുള്ള മനുഷ്യ ഇടപെടലുകൾ ഇല്ലാതെയാണ് വെള്ളച്ചാട്ടത്തിലെ തീ കത്തികൊണ്ടിരിക്കുന്നത്.
ഈ തീജ്ജ്വാല മനുഷ്യനിർമ്മിതമല്ല, മറിച്ച് വെള്ളച്ചാട്ടത്തിന് താഴെയുള്ള പാറയിലൂടെ പ്രകൃതി വാതകം ഒഴുകുന്നതിൻ്റെ ഫലമാണ്. മീഥെയ്ൻ വാതകം പാറയിലെ ചെറിയവിള്ളലുകളിലൂടെ ഉപരിതലത്തിലേക്ക് എത്തുന്നത് കൊണ്ടാകാം തീകത്തുന്നത് എന്ന് ഒരുകൂട്ടർ വിശ്വസിക്കുന്നു. തീജ്ജ്വാല സാധാരണഗതിയിൽ ചെറുതാണെങ്കിലും പുറത്തുപോകുന്ന വാതകത്തിൻ്റെ അളവിനെ ആശ്രയിച്ച് വലുപ്പത്തിൽ വ്യത്യാസമുണ്ടാകാം. സ്വാഭാവികമായും സമാനതകളില്ലാത്ത ഈ പ്രതിഭാസത്തെ ചൊല്ലി ഒട്ടേറെ വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ നാളം കെടാതെ തുടരുന്നത് വരെ ലോകത്ത് സ്ഥിരതയുണ്ടാകുമെന്നും, ഇത് കെടുന്നതോടെ ലോകം അവസാനിക്കുമെന്നുമുള്ള ഒരു വിഭാഗം ആളുകളുടെ വിശദീകരണം ഇതിനുദാഹരണമാണ്.
പാറക്കെട്ടിൽ നിന്നും പുറത്തുവരുന്ന പ്രകൃതിവാതകത്തിൻ്റെ കൃത്യമായ ഉറവിടം പൂർണ്ണമായി കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. ഇത്തരം പ്രതിഭാസങ്ങൾ താരതമ്യേന അപൂർവ്വമാണ്, കാരണം ജലസ്രോതസ്സിനോട് ചേർന്ന് പ്രകൃതി വാതകം ഒഴുകുന്ന ഭൂമിയിൽ വിരലിലെണ്ണാവുന്ന സ്ഥലങ്ങൾ മാത്രമേ ഉള്ളൂ. വെള്ളച്ചാട്ടത്തിൻ്റെ ഒഴുക്ക് അതിൻ്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോഴാണ് തീജ്ജ്വാല കൂടുതൽ ദൃശ്യമാകുന്നത്.
വെള്ളച്ചാട്ടത്തെ ചുറ്റിപറ്റി നിരവധി വാദപ്രതിവാദങ്ങൾ ഉയരുന്നുണ്ട്, അതിൽ ഒന്ന് മാത്രമാണ് മീഥെയ്‌നുമായി ബന്ധപ്പെട്ടത്. എറ്റേണൽ ഫ്ലെയിം ഫാൾസിൻ്റെ ഭൂമിശാസ്ത്രപരമായ അടിത്തറ മണൽക്കല്ല്, ഷേൽ, ചുണ്ണാമ്പുകല്ല് എന്നിവയുടെ മിശ്രിതമാണ്. പാറക്കെട്ടിൽ ഉയർന്ന താപനില കാര്‍ബണ്‍ പദാര്‍ത്ഥങ്ങള്‍ തുടര്‍ച്ചയായി ഷേയിൽ നിന്ന് വിഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ കാർബൺ പദാര്‍ത്ഥങ്ങള്‍ കാരണമാണ് തീകത്തുന്നത് എന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
തീജ്ജ്വാലയ്ക്ക് പ്രാഥമികമായി ഉത്തരവാദിയായ മീഥെയ്ൻ വാതകത്തെ കണക്കാക്കുന്നു. അതിനു പ്രധാന കാരണം, മീഥെയ്ൻ തരം ഫോസിൽ ഇന്ധനമായി കണക്കാക്കപ്പെടുന്നു, ഇത് പലപ്പോഴും ഭൂമിയുടെ ഉപരിതലത്തിന് താഴെയുള്ള ജൈവവസ്തുക്കളുടെ വിഘടനവുമായി ബന്ധപ്പെട്ടിരിക്കുന്നു. വാതകം ഉയരുമ്പോൾ, വെള്ളച്ചാട്ടത്തിൻ്റെ അടിത്തട്ടിനടുത്തുള്ള പാറയിലെ ചെറിയ വിള്ളലുകളിലൂടെ പുറത്തേക്ക് പോകുന്നു. പുറത്തുപോകുന്ന പ്രകൃതിവാതകം പലപ്പോഴും വായുവിലെ ഓക്സിജനുമായി കലരുകയും തീപ്പൊരി കത്തിക്കുകയും ചെയ്യുന്നു എന്ന് പറയപ്പെടുന്നു.
എറ്റേണല്‍ ഫ്ലെയിം വാട്ടര്‍ ഫാൾസിനെ ചുറ്റിപ്പറ്റി നിരവധി കെട്ടുകഥകളും പ്രചാരണത്തിലുണ്ട്. വെള്ളച്ചാട്ടത്തിലെ തീ എന്ന് അണയുമോ അന്ന് ലോകം അവസാനിക്കുമത്രേ. എറ്റേണല്‍ ഫ്ലെയിം വാട്ടര്‍ഫാള്‍ എന്നാണ് പേരെങ്കിലും, ഇവിടെ കത്തുന്ന തീ നിത്യജ്ജ്വാലയല്ല. പലപ്പോഴും കാലാവസ്ഥ വ്യതിയാനം അനുസരിച്ച് തീ അണയാറുണ്ട്. കാട്ടിൽ എത്തുന്ന സഞ്ചാരികളാകും തീ കത്തിക്കുന്നത്. എന്നിരുന്നാലും വെള്ളച്ചാട്ടത്തിലെ തീ തീർത്തും വിസ്മയം തന്നെയാണ് എന്നതിൽ സംശയമില്ല. പ്രകൃതിയുടെ മടിത്തട്ടിലെ നിഗൂഢതകൾ ഒളിപ്പിച്ച ഒരു കുഞ്ഞൻ അത്ഭുതം തന്നെയാണ് എറ്റേണല്‍ ഫ്ലെയിം വാട്ടര്‍ഫാള്‍.