

കാഞ്ഞിരപ്പള്ളി: കോട്ടയം എരുമേലി പഞ്ചായത്തിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ എൽഡിഎഫിന് പ്രസിഡന്റ് പദവി. ശ്രീനിപുരം വാർഡിൽ നിന്നുള്ള എൽഡിഎഫ് അംഗം അമ്പിളി സജീവൻ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഭൂരിപക്ഷമുണ്ടായിട്ടും സംവരണ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി ഇല്ലാത്തതിനാൽ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമാവുകയായിരുന്നു.
പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ടതാണ് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് പദവി. 24 അംഗ ഭരണസമിതിയിൽ 14 അംഗങ്ങളുമായി യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും, ഈ വിഭാഗത്തിൽ നിന്നുള്ള ആരെയും വിജയിപ്പിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല.
തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ പൂർണ്ണമായും വിട്ടുനിന്നു. നേരത്തെ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പും ക്വോറം തികയാത്തതിനെ തുടർന്ന് മാറ്റി വെച്ചിരുന്നു. തുടർച്ചയായ രണ്ടാം തവണയും യുഡിഎഫ് വിട്ടുനിന്നതോടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി അമ്പിളി സജീവൻ പ്രസിഡന്റായി അധികാരമേറ്റത്. ജനാധിപത്യ മഹിളാ അസോസിയേഷൻ എരുമേലി മേഖലാ സെക്രട്ടറി കൂടിയാണ് ഇവർ.
കക്ഷിനില ഇങ്ങനെ:
ആകെ സീറ്റുകൾ: 24
യുഡിഎഫ്: 14
എൽഡിഎഫ്: 07
എൻഡിഎ: 02
സ്വതന്ത്രൻ: 01
പ്രസിഡന്റ് സ്ഥാനം നഷ്ടമായെങ്കിലും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. കനകപ്പലം വാർഡിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥി സാറാമ്മ ഏബ്രഹാം ആണ് വൈസ് പ്രസിഡന്റ്. ഭരണകക്ഷിയായി യുഡിഎഫും പ്രസിഡന്റ് പദവിയിൽ എൽഡിഎഫും വരുന്ന അപൂർവ്വമായ രാഷ്ട്രീയ സാഹചര്യമാണ് ഇതോടെ എരുമേലിയിൽ നിലവിൽ വന്നിരിക്കുന്നത്.