

കൊച്ചി: എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഇന്ന് കൊച്ചി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കലോത്സവം ആസ്വദിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് അവധി.(Ernakulam Revenue District School Kalolsavam, Local holiday for schools within Kochi Corporation limits today)
കൊച്ചി കോർപ്പറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് (സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്കാണ് അവധി. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കലോത്സവം നാളെ സമാപിക്കും.
എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 25-നാണ് ആരംഭിച്ചത്. എറണാകുളം നഗരത്തിൽ 16 വേദികളിലായാണ് മേള നടന്നുവരുന്നത്. 301 ഇനങ്ങളിലായി 8000-ത്തോളം കലാപ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുത്തു.
നവംബർ 26-ന് രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ സുബിൻ പോൾ പതാക ഉയർത്തിയതോടെയാണ് മത്സരങ്ങൾക്ക് ഔപചാരിക തുടക്കമായത്. കളക്ടർ ജി. പ്രിയങ്ക മേള ഉദ്ഘാടനം ചെയ്തു. കലോത്സവം നാളെ (നവംബർ 29) സമാപിക്കും. സമാപന സമ്മേളനം നാളെ വൈകിട്ട് 5.30-ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും.