കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സിന്‍റെ വിപണി മൂല്യം 1.5 ട്രില്യണ്‍ രൂപയെന്ന നാഴികക്കല്ലു പിന്നിട്ടു. എന്‍ബിഎഫ്സി മേഖലയിലെ ഓഹരി ഉടമകള്‍ക്ക് ഏറ്റവും വേഗത്തില്‍ മൂല്യം ലഭ്യമാക്കുന്ന കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ പ്രകടനങ്ങളിലൊന്നാണിത്. (Muthoot)
2025 ജൂണ്‍ 9നാണ് കമ്പനി ഒരു ട്രില്യണ്‍ രൂപയെന്ന മൂല്യത്തിലേക്ക് ആദ്യമായി എത്തിയത്. തുടര്‍ന്നുള്ള വെറും അഞ്ചു മാസങ്ങള്‍ കൊണ്ട് അടുത്ത 50,000 കോടി രൂപയെന്ന മൂല്യവും കൂട്ടിച്ചേര്‍ക്കുകയായിരുന്നു. റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു കൊണ്ടുള്ള സുസ്ഥിര പ്രകടനം, ചരിത്രപരമായ ശക്തമായ ലാഭക്ഷമത, അടിസ്ഥാന സ്വര്‍ണ പണയ രംഗത്തെ സുസ്ഥിര വളര്‍ച്ച എന്നിവയുടെ പിന്‍ബലത്തോടെ മുത്തൂറ്റ് ഫിനാന്‍സ് വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ 59-ാമത്തെ കമ്പനിയായി മാറി. ലിസ്റ്റു ചെയ്ത സാമ്പത്തിക സേവന കമ്പനികളുടെ ഇടയില്‍ ഏറ്റവും വലിയ 12-ാമതു കമ്പനിയുമാണ്.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തിലും ആദ്യ അര്‍ധ വര്‍ഷത്തിലും കമ്പനി വന്‍ കുതിച്ചു ചാട്ടമാണു നടത്തിയത്. കൈകാര്യം ചെയ്യുന്ന ആകെ സംയോജിത ആസ്തികള്‍ 2025 സെപ്റ്റംബര്‍ 30-ന് 1.47 ലക്ഷം കോടി രൂപ എന്ന എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയിലുമെത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ 42 ശതമാനം ഉയര്‍ച്ചയാണിത്. അര്‍ധ വര്‍ഷത്തിലെ സംയോജിത ലാഭം 74 ശതമാനം വാര്‍ഷിക വര്‍ധനവാണു കൈവരിച്ചത്. മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം ആകെ വായ്പ 47 ശതമാനം വര്‍ധിച്ച് 1.32 ലക്ഷം കോടി രൂപയിലും അറ്റാദായം 88 ശതമാനം വര്‍ധനവോടെ 4,391 കോടി രൂപയിലും എത്തി.
പണയമായി സ്വീകരിച്ചിട്ടുള്ള ആകെ സ്വര്‍ണം ഒരു വര്‍ഷം മുന്‍പുള്ള 199 ടണ്ണില്‍ നിന്ന് 209 ടണ്ണായി ഉയര്‍ന്നു. ഗ്രൂപ്പിന്‍റെ ആകെ ശാഖകള്‍ 7524 കേന്ദ്രങ്ങളിലേക്കു വിപുലീകരിക്കുകയും ചെയ്തു. സ്ഥിരതയുള്ള ആസ്തി ഗുണനിലവാരവും, ശക്തമായ പണലഭ്യതയും വഴി 20.89 ശതമാനം മൂലധനപര്യാപ്തത അനുപാതത്തോടെ കമ്പനിയുടെ മൂലധന നില ശക്തമായി തുടരുന്നു.
തങ്ങളുടെ ബിസിനസ് മാതൃകയുടെ ശക്തിയും പ്രതിരോധ ശേഷിയും മികച്ച രീതിയില്‍ സാക്ഷ്യപ്പെടുത്തുന്നതാണ് 1.5 ട്രില്യണ്‍ രൂപയുടെ വിപണി മൂല്യം മറികടന്ന നേട്ടമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓഹരി ഉടമകളുടെ മൂല്യം കുത്തനെ ഉയര്‍ന്നത് തങ്ങളുടെ വായ്പാ ആസ്തികളുടെ സുസ്ഥിര വളര്‍ച്ചയോടുള്ള വിപണിയുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുത്തൂറ്റ് ഫിനാന്‍സിന് മൂന്ന് പ്രധാന അന്താരാഷ്ട്ര റേറ്റിംഗ് അപ്ഗ്രേഡുകള്‍ ലഭിച്ചു. ഫിച്ച് റേറ്റിംഗ്സ് കമ്പനിയുടെ റേറ്റിംഗ് ബിബിയില്‍ നിന്ന് ബിബി+ സ്റ്റേബിള്‍ ഔട്ട്ലുക്കിലേക്ക് ഉയര്‍ത്തി. മൂഡീസ് ദീര്‍ഘകാല കോര്‍പ്പറേറ്റ് ഫാമിലി റേറ്റിംഗ് ബിഎ2ല്‍ നിന്ന് ബിഎ1 സ്റ്റേബിള്‍ ഔട്ട്ലുക്കിലേക്ക് ഉയര്‍ത്തി. എസ് & പി ഗ്ലോബല്‍ റേറ്റിംഗ്സ് ദീര്‍ഘകാല ഇഷ്യൂവര്‍ ക്രെഡിറ്റ് റേറ്റിംഗ് ബിബി/ബിയില്‍ നിന്ന് ബിബി+/ബി സ്റ്റേബിള്‍ ഔട്ട്ലുക്കിലേക്ക് ഉയര്‍ത്തി. 600 മില്യണ്‍ ഡോളറിന്‍റെ ആഗോള ബോണ്ട് ഇഷ്യു വിജയകരമായതിനൊപ്പം ഈ അപ്ഗ്രേഡുകള്‍, കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ആഗോള തലത്തിലുള്ള അതിന്‍റെ നില ഭദ്രമാക്കുകയും ചെയ്യുന്നു.