

കൊച്ചി, നവംബർ 18, 2025: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സിന്റെ അഞ്ചാമത്തെ പ്രൊജക്ടായ ചെന്നൈ വണ്ടർലാ പാർക്ക് ഡിസംബർ 2-ന് തുറക്കും. പ്രതിദിനം 6,500 സന്ദർശകർക്ക് പ്രവേശനമുള്ള പാർക്കിൽ ഹൈ ത്രിൽ, കിഡ്സ്, ഫാമിലി, വാട്ടർ എന്നീ വിഭാഗങ്ങളിലായി 43 ലോകോത്തര റൈഡുകളുമുണ്ട്. 1489 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈൻ ബുക്കിങ്ങിന് 10 ശതമാനം കിഴിവും തിരിച്ചറിയൽ കാർഡുമായെത്തുന്ന കോളേജ് വിദ്യാർത്ഥികൾക്ക് 20 ശതമാനം ഇളവും ലഭിക്കും. കൂടാതെ ഗ്രൂപ്പുകൾക്കും സീസണുകൾക്കുമായി പ്രത്യേക ഓഫറുകളുമുണ്ട്. ഈ വരുന്ന ഡിസംബർ 1 ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റ് വിശിഷ്ടാത്ഥികളും ചേർന്ന് പാർക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ഡിസംബർ 2 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്യും. (Amusement park)
വണ്ടർലാ ഹോളിഡേയ്‌സിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ കെ. ചിറ്റിലപ്പിള്ളി ഈ സ്വപ്ന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചതിങ്ങനെ: പതിറ്റാണ്ടുകൾ നീണ്ട ഒരു സ്വപ്നത്തിന്റ സാക്ഷാത്കാരമാണ് വണ്ടർലാ ചൈന്നൈ. തമിഴ്നാട് സർക്കാരിന്റെ പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ് ഇത് സഫലമായത്. ഇന്ത്യയിലെ ഏറ്റവും നൂതനമായ അമ്യൂസ്മെന്റ പാർക്കാണ് ഇതെന്നു ഞങ്ങൾ വിശ്വസിക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ സർഗ്ഗാത്മകത, സംസ്കാരം എന്നിവയുടെ പ്രതിഫലനമായിരിക്കണം വണ്ടർലാ ചെന്നൈ എന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്. ക്ഷേത്രങ്ങളിലെ കൊത്തുപണികളിൽനിന്നു പ്രചോദനമുൾക്കൊണ്ടും പ്രാദേശിക രുചിഭേദങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കിയുമാണ് ഇതൊരുക്കിയിരിക്കുന്നത്. ഈ പാർക്കിലെ ഓരോ കോണും ആ കഥകൾ നിങ്ങളോട് പറയും. ദക്ഷിണേന്ത്യയിലുടനീളം ഞങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുക എന്നതിനൊപ്പം വിനോദ സഞ്ചാരരംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലുമുള്ള തമിഴ്‌നാടിന്റെ പുരോഗമന കാഴ്ചപ്പാടിനോടുള്ള ഞങ്ങളുടെ മതിപ്പു പ്രകടിപ്പിക്കുക കൂടിയാണ് ഈ പാർക്കിലൂടെ ലക്ഷ്യമിടുന്നത്.
വണ്ടർലാ ചെന്നൈയിൽ ആയിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇത് വിനോദസഞ്ചാര മേഖലയ്ക്കും പ്രദേശവാസികൾക്കും ഗുണപ്രദമാണ്. തമിഴ്നാട് സർക്കാരിന്റെ ഇൻഡസ്ട്രിയൽ ഗൈഡൻസ് ആൻഡ് എക്സ്പോർട്ട് പ്രൊമോഷൻ ബ്യൂറോയാണ് ഈ പദ്ധതിക്ക് വഴിയൊരുക്കിയത്. വിനോദ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിലുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത ഇത് ഊട്ടിയുറപ്പിക്കുന്നു. രാജ്യത് ത് അതിവേഗം വളരുന്ന ടൂറിസം രംഗത്തും വിനോദ മേഖലയിലും ശക്തമായ കാൽവയ്പ്പിന് വഴിയൊരുങ്ങുകയും ചെയ്യും. പ്രവേശന ടിക്കറ്റുകൾ https://bookings.wonderla.com/ എന്ന വെബ്‌സൈറ്റിൽ ബുക്ക് ചെയ്യാം. പാർക്കിലെ കൗണ്ടറുകളിൽ നിന്ന് നേരിട്ടു വാങ്ങാനും അവസരമുണ്ട്. വിശദവിവരങ്ങൾക്ക് ഫോൺ: 044-35024222, 044-35024242.