കേരളത്തിൽ പത്ത് വർഷത്തിനിടെ പേവിഷബാധയേറ്റത് 118 മരണം; കൊല്ലം ജില്ല ഒന്നാമത്, കണക്കുകൾ പുറത്ത് | Rabies Deaths Kerala
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ പേവിഷബാധയേറ്റ് (Rabies) മരിച്ചത് 118 പേർ. മരിച്ചവരിൽ പത്ത് വയസ്സിൽ താഴെയുള്ള 12 കുട്ടികളുമുണ്ടെന്ന ഗൗരവകരമായ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫാർമേഴ്സ് അവയർനസ് റിവൈവൽ മൂവ്‌മെന്റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസീസിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ കണക്കുകളുള്ളത്.
നഷ്ടപരിഹാരമില്ല, കമ്മിറ്റികൾ നിർജീവം
മരിച്ചവരുടെ ആശ്രിതർക്ക് മതിയായ നഷ്ടപരിഹാരമോ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയോ ലഭിക്കുന്നില്ലെന്ന് രേഖകൾ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം നിലച്ചതോടെ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ഇതിന് പകരമായി എല്ലാ ജില്ലകളിലും 'ഡിസ്ട്രിക്ട് സ്ട്രേ ഡോഗ് വിക്ടിം കമ്മിറ്റി' രൂപീകരിക്കാൻ സർക്കാർ ഉത്തരവിട്ടെങ്കിലും ഇതിന്റെ പ്രവർത്തനം ഇനിയും കാര്യക്ഷമമായിട്ടില്ല.
തെരുവുനായ ശല്യം നിയന്ത്രിക്കേണ്ട തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്കും നിയമപരമായ നൂലാമാലകളും ഇരകളായ കുടുംബങ്ങളെ കൂടുതൽ ദുരിതത്തിലാക്കുകയാണ്.
