കൊച്ചി : ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമെന്ന് ഹൈക്കോടതി പറഞ്ഞു. 2004 ന് ശേഷം ശേഷം മരിച്ചവരുടെ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമുണ്ടെന്നും 1975-ലെ കേരളത്തിലെ കൂട്ടുകുടുംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമം നിലനിൽക്കില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
ജസ്റ്റിസ് ഈശ്വരനാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.കോഴിക്കോട് സബ്‌കോടതി ഉത്തരവിനെതിരെ എന്‍പി രമണി സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് എസ് ഈശ്വരന്റെ ഉത്തരവ്.
പിതാവിന്റെ പൂർവിക സ്വത്ത് സംബന്ധിച്ച കാര്യത്തിൽ മകളുടെ അവകാശങ്ങളേക്കുറിച്ച് സംസാരിക്കുമ്പോൾ ഇക്കാര്യം ശരിയായി പ്രതിഫലിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു പെൺകുട്ടിയിൽ ഐശ്വര്യത്തിന്റെ ദേവത കുടികൊള്ളുന്നു. ഒരു മകള്‍ എന്നാല്‍ 10 ആണ്‍മക്കള്‍ക്ക് തുല്യം.എല്ലാ നന്മകളാലും സമ്പന്നയാണ് ഓരോ മകളും. ഓരോ നല്ല പ്രവൃത്തികളുടെയും തുടക്കത്തിൽ അവളെ ആദരിക്കണമെന്നും കോടതി പറഞ്ഞു.