തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ തടവുകാരുടെ ദിവസവേതനം വർധിപ്പിച്ച സർക്കാർ നടപടിയെ ശക്തമായി പിന്തുണച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. വേതന വർധനവിനെതിരെ മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സർക്കാരിന് പ്രതിരോധവുമായി ഇ.പി എത്തിയത്. "അവർ പാവങ്ങളല്ലേ" എന്ന് ചോദിച്ച അദ്ദേഹം, തടവുകാർക്ക് കാലോചിതമായ വേതനം നൽകുന്നതിനെ എന്തിനാണ് എതിർക്കുന്നതെന്നും ചോദിച്ചു.
വിവിധ സാഹചര്യങ്ങൾ കൊണ്ട് കുറ്റവാളികളായി പോയവരാണ് ജയിലിൽ കഴിയുന്നതെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. അവർക്ക് തുച്ഛമായ തുക വർധിപ്പിച്ചു നൽകിയത് ശരിയായ നടപടിയാണ്. ഇത്തരം മാനുഷികമായ നീക്കങ്ങളെ വിമർശിക്കുന്നത് ശരിയല്ല. തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്നത് 369 രൂപ മാത്രമാണ്. ഈ വേതനം വർധിപ്പിക്കാത്തത് കേന്ദ്ര സർക്കാരാണ്. തൊഴിലാളികളുടെ വേതനം കൂട്ടാൻ കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് വിമർശകർ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ജയിലുകളിൽ സ്കിൽഡ്, സെമി സ്കിൽഡ്, അൺ സ്കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വേതനം വർധിപ്പിച്ചത്.
തടവുകാരുടെ അധ്വാനത്തിന് അർഹമായ പ്രതിഫലം നൽകുന്നത് അവരുടെ പുനരധിവാസത്തിന് സഹായിക്കുമെന്നാണ് സർക്കാർ നിലപാട്. എന്നാൽ, സാധാരണ തൊഴിലാളികളെക്കാൾ കൂടുതൽ വേതനം തടവുകാർക്ക് നൽകുന്നത് നീതിയല്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം.