കണ്ണൂർ: സി.പി.എം. നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം കത്തിപ്പടരുന്നതിനിടെ, ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. ഇ.പി. ജയരാജൻ ബി.ജെ.പിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നാണ് അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടത്.(EP Jayarajan expressed desire to join BJP, says AP Abdullakutty)
ഇ.പി. ജയരാജൻ ബി.ജെ.പിയിൽ വരാൻ ആഗ്രഹം അറിയിച്ചിരുന്നെങ്കിലും സംസ്ഥാന നേതാക്കൾ വേണ്ടെന്ന് തീരുമാനിച്ചു എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി തന്നെയാണ് ബി.ജെ.പി. നേതാവ് പ്രകാശ് ജാവ്ദേക്കർ ഇ.പിയുമായി ചർച്ച നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ.പി. ജയരാജന്റെ ആത്മകഥാ രചനക്ക് പിന്നിലെ ലക്ഷ്യവും അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തി. ഇ.പി. പുസ്തകം എഴുതിയത് തന്നെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വെച്ചാണെന്ന് അദ്ദേഹം ആരോപിച്ചു.
"പി. ജയരാജൻ ആത്മകഥ എഴുതിയാൽ ഇ.പി.യുടെ കഥ മുഴുവൻ പുറത്തുവരും," എന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു. ആത്മകഥാ വിവാദത്തിൽ ഇ.പി. ജയരാജനെതിരെ പാർട്ടിയിൽ അമർഷം പുകയുന്നതിനിടെയുള്ള അബ്ദുള്ളക്കുട്ടിയുടെ ഈ വെളിപ്പെടുത്തൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും.
ആത്മകഥാ വിവാദത്തിൽ തുറന്നടിച്ച് EP ജയരാജൻ
സ്വന്തം ആത്മകഥയായ 'ഇതാണെന്റെ ജീവിതം' പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. എല്ലാവരും പുസ്തകം വായിക്കണമെന്നും, പുസ്തകം വായിച്ചിരുന്നെങ്കിൽ വിവാദങ്ങളിൽ വ്യക്തത വരുമായിരുന്നു എന്നും ഇ.പി. മാധ്യമങ്ങളോട് പ്രതികരിച്ചു.
"എല്ലാവരും പുസ്തകം വായിക്കണം. വായിച്ചിരുന്നെങ്കിൽ എല്ലാത്തിനും വ്യക്തത വരുമായിരുന്നു," ഇ.പി. പറഞ്ഞു. പുസ്തകം വായിച്ചിട്ടും ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ കണ്ണൂരിൽ പ്രത്യേകമായി പരിപാടി സംഘടിപ്പിക്കുമെന്നും ജയരാജൻ അറിയിച്ചു. എല്ലാ കാര്യങ്ങൾക്കും അവിടെവെച്ച് മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ.പി. ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം' ഇന്നലെ കണ്ണൂരിൽ നടന്ന ചടങ്ങിലാണ് പ്രകാശനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി. പത്മനാഭന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. പാർട്ടിയിലെ നയപരമായ അഭിപ്രായ ഭിന്നതകളിൽ ഇ.പി. ശരിയായ നിലപാടുകളാണ് സ്വീകരിച്ചതെന്നും, അസത്യങ്ങളും അർത്ഥ സത്യങ്ങളും കൊണ്ട് ഇ.പിക്ക് എതിരെ ഏറെ പ്രചാരണങ്ങളുണ്ടായെന്നും ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടി, പി.എസ്. ശ്രീധരൻ പിള്ള, പന്ന്യൻ രവീന്ദ്രൻ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സംസ്ഥാന സമിതി അംഗം പി. ജയരാജൻ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹവും എത്തിയില്ല. സംഘടനാപരമായ കാര്യങ്ങൾ ആത്മകഥയിൽ തുറന്നുപറഞ്ഞതിനെ ചൊല്ലിയാണ് സി.പി.എമ്മിൽ അമർഷം പുകയുന്നത്.