
റിപ്പോർട്ട് : അൻവർ ഷരീഫ്
കോഴിക്കോട് : ഗ്രീൻ മൂവ്മെന്റിന്റെ നേതൃത്വത്താൽ സംസ്ഥാനതല പഠന സംഘം കടലുണ്ടിപ്പുഴയും പരിസര പ്രദേശങ്ങളും സന്ദർശിച്ചു. കോട്ടക്കടവ് മുതൽ കടലുണ്ടിക്കടവ് വരെയുള്ള പുഴയും പുഴയോര പ്രദേശങ്ങളുമാണ് സംഘം പഠന വിധേയമാക്കിയത്. കോട്ടക്കാവ് ഭാഗത്തെ നാല് കൈ തോടുകളും രണ്ട് നടവഴികളും അപ്രത്യക്ഷമായതായി സംഘം വിലയിരുത്തി. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിക്കപ്പെടുന്ന ഫ്ലോട്ടിംഗ് റസ്റ്റാറന്റ് ഉൾപ്പെടെ പുഴയും പുഴ പുറമ്പോക്കും കയ്യേറിയും തീരദേശ പരിപാലനചട്ടം ലംഘിച്ചുമാണ് നാർമ്മിക്കുന്നതെന്ന് സംഘം വിലയിരുത്തി.
മാട്ടുമ്മൽ തോടിന് സമീപത്തും കടലുണ്ടി റെയിൽവേ പാലത്തിന് കിഴക്ക് വശത്തും കടലുണ്ടി പുഴ കയ്യേറിയാണ് പുതിയ റോഡുകൾ നിർമ്മിക്കുന്നതെന്ന് പഠന സംഘം കണ്ടെത്തി. ചെറിയ തുരുത്തിക്ക് സംരക്ഷണ കവചം തീർക്കുന്നതിന്ന് കരിങ്കല്ലും മറ്റും കൊണ്ടുപോകുന്ന തിന്നായി ഏതാണ്ട് ഒരു വർഷം മുമ്പ് കടലുണ്ടിപുഴക്ക് കുറുകെ കെട്ടിടാവശിഷ്ടങ്ങളും ക്വാറിമാലിന്യങ്ങളും മറ്റും ഉപയോഗിച്ച് നിർമ്മിച്ച താല്കാലിക പാത ഇപ്പോഴും നിലനിൽക്കുന്നത് പുഴയുടെ സ്വഭാവിക ഒഴുക്കിന് തടസ്ഥം നിൽക്കുന്നതായി സംഘം കണ്ടെത്തി.
തീർത്തും നദീജൈവവൈവിദ്യശോഷണമാണ് ഇവിടെ നടക്കുന്നത് എന്നും ചമ്പേത്തോട് ഉൾപ്പെടെയുള്ള ചെറുതോടുകൾ വ്യാപകമായി നികുത്തുകയാണെന്ന് സംഘം നിരീക്ഷിച്ചു. ഈ പ്രദേശവും സംഘാംഗങ്ങൾ സന്ദർശിക്കുകയുണ്ടായി. കൂടാതെ മുക്കത്തക്കടവ് ഭാഗത്ത് കീഴ്ക്കോട് മേഖലയിലും പുഴ കയ്യേറ്റം നടക്കുന്നുണ്ട്.ഇത്തരം പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് പഠന സംഘാംഗങ്ങളായ ഗ്രീൻ മൂവ്മെന്റ് ജനറൽ സെക്രട്ടറി ടി.വി.രാജൻ, അഡ്വ.പി.എ പൗരൻ, കെ.പി.മുസ്തഫ, അൻവർ ഷരീഫ്, പി.കൃഷ്ണദാസ്,,ഇ.പി.അനിൽ,എം.ബാബു, എം.റഹ്മത്ത്, ,എ. സോമൻ തുടങ്ങിയവർ പറഞ്ഞു.