പരിസ്ഥിതി മലിനീകരണം പ്രമേഹത്തിനിടയാക്കുന്ന ഒരു പ്രധാന ഘടകമെന്ന് വിലയിരുത്തൽ | diabetes

Diabetes and Thyroid
Published on

കൊച്ചി: ഇന്ത്യയില്‍ പ്രമേഹരോഗം വര്‍ധിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് പരിസ്ഥിതി മലിനീകരണമാണെന്ന് വിലയിരുത്തൽ. പരിസ്ഥിതി മലിനീകരണവും എന്‍ഡോക്രൈന്‍ ഡിസ്റപ്റ്ററുകളും ഡയബറ്റോളജിയിലെ ഒരു പുതിയപഠന മേഖലയായി രൂപപ്പെട്ടിട്ടുണ്ടെന്ന് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (മല്‍വാ ബ്രാഞ്ച്) ചെയര്‍മാന്‍ ഡോ. വിതുല്‍ കെ. ഗുപ്ത പറഞ്ഞു. 'വ്യവസായവല്‍ക്കരണം, പരിസ്ഥിതി സമ്പര്‍ക്കം, ഉപാപചയ ആരോഗ്യം എന്നിവ തമ്മിലുള്ള ബന്ധം അടിയന്തരമായ ശ്രദ്ധ ആവശ്യപ്പെടുന്നു' എന്ന് റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യ (ആര്‍എസ്എസ്ഡിഐ) യുടെ 53-ാമത് ദേശീയ വാര്‍ഷിക സമ്മേളനത്തില്‍ മലിനീകരണവും പ്രമേഹവും എന്ന വിഷയത്തില്‍ ഒരു പ്രസന്റേഷന്‍ നടത്തിക്കൊണ്ട് ഡോ. ഗുപ്ത ചൂണ്ടിക്കാട്ടി.

പ്ലാസ്റ്റിക്കുകളില്‍ സാധാരണയായി കാണപ്പെടുന്ന ഫ്താലേറ്റുകള്‍ (phthalates), ശരീരത്തിലെ ജനിതക നിയന്ത്രണങ്ങളിലൂടെ ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭിണികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിന് വഴിവെക്കുകയും ചെയ്യുന്നുവെന്ന് ഇന്ത്യന്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍, കീടനാശിനി ഉപയോഗത്തിലെ നിരീക്ഷണവും നിയന്ത്രണവും, ഭക്ഷ്യ പാക്കേജിംഗില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍ എന്നിവയുടെ ആവശ്യകത ഡോ. ഗുപ്ത എടുത്തുപറഞ്ഞു. പ്രമേഹ സാധ്യത വിലയിരുത്തലുകളില്‍, ക്ലിനിക്കല്‍ തലത്തില്‍ രോഗിയുടെ പരിസ്ഥിതി പശ്ചാത്തല ചരിത്രം കൂടി ഉള്‍പ്പെടുത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

നയരൂപീകരണം, പൊതുജനാരോഗ്യ ഇടപെടലുകള്‍, ക്ലിനിക്കല്‍ പ്രാക്ടീസ് എന്നിവയിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്, പ്രത്യേകിച്ച് മലിനീകരണവും പ്രമേഹവും വേഗത്തില്‍ വര്‍ദ്ധിച്ചുവരുന്ന വികസ്വര രാജ്യങ്ങളില്‍, പ്രമേഹവ്യാപനം തടയുന്നതിന് അത്യാവശ്യമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ നടക്കുന്ന നാല് ദിവസത്തെ ആര്‍എസ്എസ്ഡിഐ സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം, പ്രമേഹത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിദഗ്ദ്ധ പാനല്‍ ചര്‍ച്ചകളും ശാസ്ത്രീയ അവതരണങ്ങളും നടന്നു. ഏറ്റവും നൂതനമായ പ്രമേഹ ചികിത്സകളും, ഇന്ത്യയില്‍ ഈ രോഗം കൊണ്ടുണ്ടാവുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളും ചര്‍ച്ചാവിഷയമായി.

വൈകാരികമായ ഭക്ഷണരീതിയ്ക്ക് കൂടുതലും വിധേയരാകുന്നത് സ്ത്രീകള്‍:

ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവരില്‍ വൈകാരികമായ ഭക്ഷണരീതിയും ഭക്ഷണക്രമം പാലിക്കലും - ഒരു സൈക്കോസോഷ്യല്‍ മെറ്റബോളിക് വിശകലനം എന്ന വിഷയത്തില്‍ ഒരു പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ സ്മിത സിംഗ് പറഞ്ഞത് വൈകാരികമായ ഭക്ഷണരീതിമൂലം പ്രമേഹമുണ്ടാവാനുള്ള സാധ്യത കൂടുതലും സ്ത്രീകളിലാണെന്നാണ്. സ്ത്രീകള്‍ വൈകാരിക ഭക്ഷണക്രമത്തിന് കൂടുതല്‍ വിധേയരാകുന്നതിന് ഇന്റര്‍പേഴ്‌സണല്‍ പാര്‍ട്ണര്‍ വയലന്‍സും (IPV) ഒരു കാരണമാണ്,

ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവരില്‍ നടത്തിയ ഒരു ക്രോസ്-സെക്ഷണല്‍ പഠനത്തില്‍, പുരുഷന്മാരില്‍ ഇത് 34 ശതമാനമാണെങ്കില്‍, 58 ശതമാനം സ്ത്രീകളും വൈകാരികമായ ഭക്ഷണരീതി ഇഷ്ടപ്പെടുന്നവരാണെന്ന് ലഖ്നൗവിലെ വെല്‍നസ് ക്ലിനിക്കില്‍ നിന്നുള്ള സ്മിത സിംഗ് പറഞ്ഞു.

ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവരില്‍ വൈകാരികമായി ഭക്ഷണം കഴിക്കുന്നത് ഭക്ഷണക്രമം പാലിക്കുന്നതിനെയും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തെയും സാരമായി ബാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്, പ്രമേഹരോഗികളുടെ സമഗ്രപരിചരണത്തില്‍ മാനസിക സാമൂഹിക അവസ്ഥകളുടെയും ഐപിവിയുടെയും സ്ഥിരമായ പരിശോധന കൂടി ഉള്‍പ്പെടുത്തുകയും, ലിംഗവ്യത്യാസം സംബന്ധിച്ച് സൂക്ഷ്മതയുള്ളതും, കൂടാതെ അതാത് സംസ്‌കാരത്തിന് അനുയോജ്യമായ രീതിയില്‍ തയ്യാറാക്കിയതുമായ പോഷണോപദേശം നല്‍കുകയും ചെയ്യേണ്ടതുണ്ടെന്നാണ്,'' അവര്‍ പറഞ്ഞു.

ആര്‍ എസ് എസ് ഡി ഐയുടെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് നടക്കും. കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

Related Stories

No stories found.
Times Kerala
timeskerala.com