
തൃശ്ശൂര്‍: നെൽപാടങ്ങളിലെ കൃഷി രീതികളിലുണ്ടാകുന്ന മാറ്റവും ചെറുമീനുകളുടെ കുറവും മാനുഷിക ഇടപെടലുകളും മൂലം ദേശാടകരായ നീര്‍പ്പക്ഷികളുടെ വരവ് കേരളത്തിൽ വളരെയധികം കുറയുന്നതായി പഠനങ്ങൾ(Environmental Change). എല്ലാവര്‍ഷവും ജനുവരിയില്‍ രാജ്യത്താകമാനം നടത്തുന്ന ഏഷ്യന്‍ വാട്ടര്‍ബേഡ് സെന്‍സസിലാണ് നീര്‍പ്പക്ഷികളുടെ കണക്കെടുപ്പ് നടക്കുന്നത്.
പാടങ്ങളിൽ കാണപ്പെടുന്ന എരണ്ടകള്‍, കൊക്കുകള്‍, കരിയാള, നീലക്കോഴി എന്നിവയുടെ എണ്ണത്തിലാണ് ആശങ്കാജനകമായ കുറവുണ്ടാകുന്നത്. ഞായറാഴ്ച തൃശ്ശൂര്‍-പൊന്നാനി കോള്‍ നിലങ്ങളില്‍ നടന്ന നീര്‍പ്പക്ഷി സര്‍വേയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പക്ഷികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായതായി കണ്ടെങ്കിലും ചില ഇനങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായും കണ്ടെത്തി. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു. കോള്‍ ബേഡേഴ്‌സ് കളക്ടീവിന്റെ ആഭിമുഖ്യത്തില്‍ തൊമ്മാന, തൊട്ടിപ്പാള്‍, മനക്കൊടി, പാലയ്ക്കല്‍, ഏനാമാവ്, പുള്ള്-മനക്കൊടി, അടാട്ട്, കാഞ്ഞാണി, മാറഞ്ചേരി, ഉപ്പുങ്ങല്‍ എന്നീ കോള്‍മേഖലകളിലാണ് സര്‍വേ നടന്നത്. ഇവിടെ നിന്ന് 95 ഇനങ്ങളില്‍പ്പെട്ട 14,249 നീര്‍പ്പക്ഷികളുടെ സാന്നിധ്യം രേഖപ്പെടുത്തി.