
കോഴിക്കോട്: 'എമ്പുരാൻ' സിനിമക്കെതിരെ കൂട്ടക്കൊലയുടെ ആസൂത്രകരായ സംഘപരിവാർ ഉറഞ്ഞുതുള്ളിയപ്പോഴേക്കും 17 ഭാഗങ്ങൾ വെട്ടി മാറ്റാൻ നിർമാതാക്കളും മറ്റും തയാറായത് പ്രബുദ്ധ കേരളത്തിന് അപമാനമാണെന്ന് ഐ.എൻ.എൽ. ഗുജറാത്ത് വംശഹത്യക്കു പിന്നിൽ അഴിഞ്ഞാടിയ ഹിന്ദുത്വവാദികളെയാണ് എമ്പുരാൻ തുറന്നുകാട്ടുന്നത്. കേന്ദ്ര ഭരണം പിടിച്ചെടുക്കാനുള്ള ഒരു കുറുക്കുവഴി മാത്രമായിരുന്നു 2000 പേരെ കൂട്ടക്കൊല ചെയ്ത ലോകത്തെ ഞെട്ടിച്ച ആ സംഭവം.
മോഹൻലാലിന്റെയും ഗോകുലം ഗോപാലന്റെയും ഖേദപ്രകടനം കാര്യങ്ങളുടെ പോക്ക് മനസ്സിലാക്കി തരുന്നുണ്ട്. എമ്പുരാൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് സംഘപരിവാറിനെ മാത്രമാണ്. ഇത് ഹിന്ദുവിരുദ്ധ ചലച്ചിത്രമാണെന്ന ഭാഷ്യം ആർ.എസ്.എസിന്റെതാണ്. ഫാഷിസ്റ്റ് രീതിയിലൂടെ മികച്ച ഒരു കലാസൃഷ്ടിയെ നശിപ്പിക്കാനും സത്യം എന്നെന്നേക്കുമായി മൂടിവെക്കാനും ഉള്ള റീ സെൻസറിംഗിനും വെട്ടിത്തിരുത്തലുകൾക്കും ഉന്നതങ്ങളിൽ നിന്ന് സമ്മർദ്ദം ഉയർന്നപ്പോൾ ജനകീയ പ്രതിരോധത്തിലൂടെ അത് മറികടക്കാൻ ശ്രമിക്കുന്നതിനു പകരം ഭീഷണിക്ക് മുന്നിൽ കീഴടങ്ങുന്നത് അപകടകരമായ സന്ദേശമാണ് കൈമാറുന്നത്.