കെഎസ്ആർടിസിയുടെ വിശ്വാസ്യത നിലനിർത്തുന്നതിൽ ജീവനക്കാരുടെ പങ്ക് വലുത്: മന്ത്രി കെ. ബി. ഗണേഷ് കുമാർ

കെഎസ്ആർടിസിയുടെ വിശ്വാസ്യത നിലനിർത്തുന്നതിൽ ജീവനക്കാരുടെ പങ്ക് വലുത്: മന്ത്രി കെ. ബി. ഗണേഷ് കുമാർ
Updated on

കെഎസ്ആർടിസിയുടെ വിശ്വാസ്യത നിലനിർത്താൻ ജീവനക്കാരുടെ മികച്ച പെരുമാറ്റവും പരിഷ്‌കാരങ്ങളോട് അവർ സഹകരിക്കുന്നതും വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. പൊതുഗതാഗത രംഗത്ത് നൂതനമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കെഎസ്ആർടിസിയും ജിസ്സും (GIZ) സംയുക്തമായി നടപ്പിലാക്കുന്ന പ്രത്യേക പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കെഎസ്ആർടിസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 1,000 ഡ്രൈവർമാർക്കും 1,000 കണ്ടക്ടർമാർക്കുമാണ് പരിശീലനം നൽകുന്നത്.

ഇന്ത്യയിൽ ഇന്ന് പ്രവർത്തന ലാഭത്തിൽ മുന്നേറുന്ന ഏക പൊതുഗതാഗത കോർപ്പറേഷൻ കെഎസ്ആർടിസിയാണെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. കോർപ്പറേഷന്റെ ശരാശരി പ്രതിദിന വരുമാനം 9 കോടി രൂപയ്ക്ക് മുകളിലെത്തിക്കാൻ സാധിച്ചു. ചില ദിവസങ്ങളിൽ ഇത് 11 മുതൽ 13 കോടി വരെയായി ഉയരുന്നു.

ഡ്രൈവിംഗ് മികവ്, ഇന്ധനക്ഷമത വർദ്ധിപ്പിക്കൽ, ആധുനിക ടിക്കറ്റിംഗ് മെഷീനുകളുടെ ഉപയോഗം, ഡിജിറ്റൽ കാർഡുകൾ, കൃത്യമായ കണക്ക് സൂക്ഷിക്കൽ തുടങ്ങിയവയിലാണ് പരിശീലനം നൽകുന്നത്. ഇപ്പോൾ പരിശീലനം ലഭിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മാസ്റ്റർ ട്രെയിനർമാർ വഴി ഭാവിയിൽ മുഴുവൻ ജീവനക്കാർക്കും പരിശീലനം ഉറപ്പാക്കും.

ചടങ്ങിൽ സുരക്ഷിതമായ ഡ്രൈവിംഗ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പരിഗണിച്ച് തിരഞ്ഞെടുക്കപ്പെട്ട 15 ഡ്രൈവർമാർക്ക് മന്ത്രി അവാർഡുകൾ വിതരണം ചെയ്തു.

കെഎസ്ആർടിസിയുടെ സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള 'ഇ-ബസ് ഒപ്റ്റിമൈസേഷൻ ടൂൾ' വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു.

കെഎസ്ആർടിസി സി.എം.ഡി ഡോ. പി. എസ്. പ്രമോജ് ശങ്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിസ്സ് സസ്‌റ്റൈനബിൾ അർബൻ മൊബിലിറ്റി ഡയറക്ടർ മഞ്ജുനാഥ് ശേഖർ പ്രൊജക്റ്റ് അവതരണം നടത്തി. കെഎസ്ആർടിസി ഫിനാൻഷ്യൽ അഡൈ്വസർ ഷാജി എ എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) ജി. പി. പ്രദീപ് കുമാർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ) പി. എം. ഷറഫ് മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com