
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയകൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാർക്കെതിരെ കുടുംബം പരാതി നൽകിയിരുന്നു(Actor Krishnakumar). ഇതിനെതിരെ ജീവനക്കാർ രംഗത്തെത്തിയിരിക്കുകയാണ്. നടൻ കൃഷ്ണകുമാറിനും മകൾക്കും എതിരെ ഇവർ തെളിവുകളും പുറത്തു വിട്ടു. ഇവരുടെ പക്കൽ നിന്നും ദിയ 5 ലക്ഷം രൂപ കൈപ്പറ്റിയെന്നും തങ്ങളെ കള്ളക്കേസിൽ കുടുക്കുമെന്ന് ദിയ പറഞ്ഞതായും പെൺകുട്ടികൾ വ്യക്തമാക്കി.
"കസ്റ്റമേഴ്‌സിന്റെ പേയ്‌മെന്റ് സ്വന്തം അക്കൗണ്ടിൽ വാങ്ങിച്ചാൽ മതിയെന്നാണ് ദിയ പറഞ്ഞിരുന്നത്. ബാങ്കിൽ നിന്ന് പ്രശ്‌നങ്ങളുള്ളതിനാൽ അവർ വരുമ്പോൾ പണമായിട്ട് നൽകിയാൽ മതിയെന്നും പറഞ്ഞു. പിന്നെ കുറേ നാളുകൾക്ക് ശേഷമാണ് നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ദിയ പറഞ്ഞത്. പലപ്പോഴും ദിയ ഷോപ്പിൽ വരാറില്ല. പാർട്ട് ടൈം എന്ന് പറഞ്ഞ് വിളിച്ച ജോലി ഓവർ ടൈം ആയി മാറി. ഇതോടെ ജോലി വിടണമെന്ന് തീരുമാനിച്ചു. ഡെലിവറി കഴിയുന്ന വരെ കാത്തിരിക്കണമെന്നായിരുന്നു അന്ന് ദിയ പറഞ്ഞത്. എന്ത് പറഞ്ഞാലും അടിച്ചമർത്തുന്ന രീതിയിലായിരുന്നു സംസാരിച്ചത്. ജാതീയമായി അധിക്ഷേപിച്ചു. ഇതിന് പിന്നാലെ നിങ്ങളുടെ അക്കൗണ്ടിൽ പേയ്‌മെന്റ് വാങ്ങിയതിന്റെ സ്‌ക്രീൻഷോട്ട് കസ്റ്റമറിൽ നിന്ന് വാങ്ങി മോഷണത്തിന് കേസ് നൽകുമെന്ന് ദിയ പറഞ്ഞു. ഇതിന്റെ സ്‌ക്രീൻഷോട്ട് എന്റെ കയ്യിലുണ്ട്. 29-ാം തീയതി രാത്രി ഉറങ്ങാൻ പോലും സമ്മതിച്ചിട്ടില്ല. രാത്രി തുടങ്ങിയ ഫോൺ കോളുകൾ പുലർച്ചെ നാല് വരെ തുടർന്നു. ഞങ്ങൾ മൂന്ന് പേരെയും ചീത്ത വിളിക്കുന്നതിന്റെ സ്‌ക്രീൻഷോട്ട് ഞങ്ങളുടെ അടുത്ത് ഉണ്ട്.
ഞങ്ങൾ കാരണം തന്റെ 200 ഓർഡറുകളാണ് പാക്ക് ചെയ്യാൻ സാധിക്കാതെ പോയത്. നിങ്ങൾക്ക് എതിരേ പരാതി നൽകണ്ടെങ്കിൽ 5 ലക്ഷം രൂപ ഫ്‌ളാറ്റിൽ കൊണ്ട് തരാൻ ആവശ്യപ്പെട്ടു. ആ ദിവസം തന്നെ സ്റ്റാറ്റസ് ഇടാൻ ദിയ ആരംഭിച്ചിരുന്നു. എന്റെ ഭർത്താവിനെതിരേ കള്ളക്കേസ് നൽകുമെന്നും ഭീഷണിപ്പെടുത്തി. എനിക്ക് വന്ന നഷ്ടത്തിന് പണം തന്നാൽ നിങ്ങളെ തിരികെവിടാമെന്ന് പറഞ്ഞു. ഷോപ്പിലുള്ള എല്ലാ അന്താരാഷ്ട്ര ഓർഡറുകളും ഞങ്ങളുടെ വിലാസം ഉപയോഗിച്ചായിരുന്നു അയച്ചത്. ദിയയുടെ വിലാസമോ ഫോൺ നമ്പറോ എവിടേയും ഉപയോഗിക്കില്ല. രാവിലെ പത്തിന് ഫ്ലാറ്റിൽ എത്താനായിരുന്നു ദിയ പറഞ്ഞത്. അവിടെ നിന്ന് ഞങ്ങൾ എത്തിയതിന് ശേഷം ഞങ്ങളുടെ അടുത്ത് നിന്ന് പണം വാങ്ങിയതിന് ശേഷം ദിയയുടെ വീട്ടുകാർ ഓരോരുത്തരായി ഓരോ കാറിലായി വന്ന് അഞ്ച് പേർ അഞ്ച് സൈഡിൽ നിന്ന് വീഡിയോ എടുക്കാൻ ആരംഭിച്ചു. ദിയയെ സംബന്ധിച്ച് നാളെ ട്രെൻഡിങ് നമ്പർ വൺ ആകാൻ പോകുന്ന ഒരു വീഡിയോ മാത്രമാകും അത്. 3 കാറിലായിട്ടാണ് ഞങ്ങളെ ദിയ കൊണ്ടുപോയത്. ഞങ്ങളുടെ സ്വന്തം വാഹനത്തിൽ പോകാൻ അനുവദിക്കാതെ ഏതോ ഒരു ഓഫീസിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. പിന്നീടാണ് അമ്പലമുക്കുള്ള ഒരു ഓഫീസാണ് ഇതെന്ന് മനസ്സിലായത്. പത്തിനടുത്തുള്ള ആളുകളേ അവിടെ ഉണ്ടായിരുന്നുള്ളൂ. കൃഷ്ണകുമാറിന്റെ നാല് മക്കളും ഭാര്യയും അവരുടെ ഡ്രൈവർമാരും അങ്ങിനെ ചിലരേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ഫോൺ അവർ ബലമായി പിടിച്ചുവെച്ചു" - ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു.