ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ജീവനക്കാരികൾ ദിവസേന തട്ടിയത് 2 ലക്ഷത്തോളം രൂപ; ഈ തുക മൂന്നായി വീതിച്ചെടുക്കും | Financial Fraud Case

തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രതികൾ സ്വർണവും സ്‌കൂട്ടറുമൊക്കെ വാങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി
Diya Krishna
Published on

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ക്യുആർ കോഡ് ഉപയോഗിച്ച് വനിതാ ജീവനക്കാർ ദിവസവും 2 ലക്ഷം രൂപ വരെ തട്ടിച്ചതായി ക്രൈംബ്രാഞ്ച്. കീഴടങ്ങിയ വിനീത, രാധാകുമാരി എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. തട്ടിപ്പുകേസിൽ പ്രതിയായ മൂന്നു ജീവനക്കാരികളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് ക്യുആർ കോഡ് വഴി ചില ദിവസങ്ങളിൽ രണ്ടു ലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.

പ്രതികളെ ദിയയുടെ സ്ഥാപനത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുകയും ഏതുതരത്തിലാണ് തട്ടിപ്പു നടത്തിയതെന്നു പരിശോധിക്കുകയും ചെയ്തു. ഇത്തരത്തിൽ ലഭിച്ച പണം ഉപയോഗിച്ച് പ്രതികൾ സ്വർണവും സ്‌കൂട്ടറുമൊക്കെ വാങ്ങിയതായും അന്വേഷണത്തിൽ തെളിഞ്ഞു. സ്‌കൂട്ടർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പണയം വച്ച സ്വർണം വീണ്ടെടുക്കാനുള്ള നീക്കം തുടരുകയാണ്. തട്ടിപ്പിലൂടെ നേടുന്ന പണം മൂന്നായി പങ്കിട്ടെടുക്കുകയാണ് പ്രതികൾ ചെയ്തിരുന്നതെന്നും സമ്മതിച്ചിട്ടുണ്ട്.

നികുതി വെട്ടിക്കാനായി ദിയാ കൃഷ്ണ പറഞ്ഞിട്ടാണ് ക്യുആർ കോഡ് മാറ്റി തങ്ങളുടെ അക്കൗണ്ടിലേക്കു പണം സ്വീകരിച്ചതെന്നാണ് ആദ്യം ജീവനക്കാർ പറഞ്ഞിരുന്നത്. എന്നാൽ ചോദ്യം ചെയ്യലിൽ ഇതു ശരിയല്ലെന്നു തെളിഞ്ഞു. ദിയയുടെ ക്യു ആർ കോഡിനു പകരം ജീവനക്കാർ സ്വന്തം ക്യു ആർ കോഡ് ഉപയോഗിച്ചാണ് 40 ലക്ഷത്തോളം രൂപ അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്ഥാപനത്തിലെ ക്യൂ ആർ കോഡിൽ മാറ്റം വരുത്തി 69 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് പ്രതികൾക്കെതിരായ പരാതി. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പ്രതികൾ നൽകിയ തട്ടിക്കൊണ്ടുപോകൽ പരാതിയിൽ കൃഷ്ണകുമാറിനും മകൾക്കും ജാമ്യം ലഭിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com