
എറണാകുളം: മുംബൈയിൽ നിന്ന് എംബാം ചെയ്തയച്ച മൃതദേഹം മാറിപ്പോയത് പിറവത്തെ വീട്ടുകാരെയും ബന്ധുക്കളെയും ആശങ്കയിലാഴ്ത്തി. അവസാനമായി ഒരുനോക്ക് കാണാനെത്തിയ നാട്ടുകാർ വിവരമറിഞ്ഞ് ഞെട്ടിപ്പോയി. ചൊവ്വാഴ്ച വൈകീട്ട് ഇടവക പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ നിശ്ചയിച്ചിരുന്ന മൃതദേഹമാണ് മാറിപ്പോയതായി കണ്ടെത്തിയത്.(Embalmed body from Mumbai shocks Family)
ഇലഞ്ഞി പെരുമ്പടവത്തെ വീട്ടിലെത്തിച്ച് പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിയ വിവരം വീട്ടുകാർ അറിഞ്ഞത്. ഉടൻ തന്നെ പോലീസിലും മൃതദേഹം കയറ്റിവിട്ട ഏജൻസിയുമായും ബന്ധപ്പെട്ടു.
മുംബൈയിൽ ബിസിനസുകാരനായ ഇലഞ്ഞി പെരുമ്പടവം കാർലേത്ത് ജോർജ് കെ. ഐപ്പ് (59) രോഗബാധയെ തുടർന്ന് നാസിക്കിൽ ചികിത്സയിലിരിക്കെ 20-ന് പുലർച്ചെയാണ് മരിച്ചത്. ജോർജിന്റെ മൃതദേഹം എംബാം ചെയ്ത് നാട്ടിലെത്തിക്കാൻ മുംബൈയിലെ ഒരു കമ്പനിയെയാണ് ബന്ധുക്കൾ ഏൽപ്പിച്ചത്. 21-ന് പുലർച്ചെ മൃതദേഹവുമായി കുടുംബം ഒരേ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു.
രാവിലെ ഏഴുമണിയോടെ നെടുമ്പാശ്ശേരിയിലെത്തിയ കുടുംബം, മൃതദേഹം പിറവത്തെ സ്വകാര്യ ആശുപത്രിയിൽ ഡ്രസ് ചെയ്യിച്ചശേഷം പെരുമ്പടവത്തേക്ക് കൊണ്ടുപോയി. പത്തരയോടെ വീട്ടിലെത്തിച്ച് പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിയെന്ന കാര്യം ഭാര്യ ഷൈനിയും മകൻ എബിനും അടുത്ത ബന്ധുക്കളും തിരിച്ചറിഞ്ഞത്.
മാറി ലഭിച്ച മൃതദേഹം തിരിച്ചയക്കുന്നതിനായി പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ ഏജൻസി അധികൃതർ പിറവത്തെത്തി പോലീസിന്റെ സാന്നിധ്യത്തിൽ മൃതദേഹം തിരികെ വാങ്ങി കൊണ്ടുപോയി.
വ്യാഴാഴ്ച അയക്കേണ്ടിയിരുന്ന പത്തനംതിട്ട സ്വദേശി ജോർജിന്റെ മൃതദേഹമാണ് മാറി ലഭിച്ചത്. രണ്ടുപേരുടെയും പേര് ഒന്നായതിനാലാണ് തെറ്റുപറ്റിയതെന്ന് ഏജൻസി അധികൃതർ വിശദീകരിച്ചു. ജോർജ് കെ. ഐപ്പിന്റെ യഥാർഥ മൃതദേഹം രാത്രി എട്ടുമണിയോടെ നെടുമ്പാശ്ശേരി വഴി പെരുമ്പടവത്തെ വീട്ടിലെത്തിച്ചു.