കോതമംഗലം : എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റില്‍ വീണ ആനയെ കരകയറ്റി. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ച് വഴിയൊരുക്കിയാണ് കാട്ടാനയെ പുറത്തെത്തിച്ചത്.
ആനയുടെ ശരീരത്തിൽ ചെറിയ പരിക്കുകൾ ഉണ്ടെന്നാണ് വിവരം.പത്ത് വയസുവരുന്ന കൊമ്പനാണ് കിണറ്റിൽ അകപ്പെട്ടത്. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ കിണറ്റില്‍ ശനിയാഴ്ച പുലർച്ചെയാണ് ആന വീണത്. കരക്ക് കയറിയ ആനയെ ഉൾവനത്തിലേക്ക് തുരത്തി.
നേരത്തേ ആനയെ കരകയറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. വന്യജീവിശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാതെ ആനയെ കിണറ്റിൽ നിന്ന് പുറത്തെടുക്കാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ സ്ഥലത്ത് എത്രയും വേഗം ഇലക്ട്രിക് ഫെൻസിങ് സ്ഥാപിക്കാമെന്ന് ജില്ലാ കളക്ടർ നാട്ടുകാർക്ക് ഉറപ്പുനൽകി. അതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.