
എറണാകുളം: കേരളത്തിൽ വെള്ളിയാഴ്ച രാത്രിയിലെ വൈദ്യുതി ഉപഭോഗം 90 ദശലക്ഷം യൂണിറ്റ് ആയതോടെ നാഷണൽ ഗ്രിഡിൽ നിന്ന് കേരളത്തിന് മുന്നറിയിപ്പ്(Electricity) . രാത്രിയിൽ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടതിനാൽ കേരളം നാഷണൽ ഗ്രിഡിൽ നിന്ന് അധിക വൈദ്യുതിയെടുക്കുകയാണ്. ഇതോടെയാണ് കേരളത്തിന് നാഷണൽ ഗ്രിഡ് കൺട്രോൾ റൂമിൽ നിന്ന് മുന്നറിയിപ്പ് നൽകിയത്.
4489 മെഗാവാട്ട് വൈദ്യുതിയായിരുന്നു വെള്ളിയാഴ്ച കേരളത്തിന് ആവശ്യമായിരുന്നത്. ഇതേ തുടർന്ന് വൈദ്യുതി ഉത്പാദനം വർധിപ്പിച്ചു. എന്നാൽ അതും മതിയാകാതെ വന്നതോടെയാണ് നാഷണൽ ഗ്രിഡിൽനിന്ന് 764 മെഗാവാട്ട് വൈദ്യുതിഎടുക്കാൻ കേരളം നിർബന്ധിക്കപ്പെട്ടത്. അനുവദിച്ചതിൽ കവിഞ്ഞോ നിശ്ചിതപരിധിയിലധികം വൈദ്യുതിയെടുത്താലോ ഗ്രിഡ് ഡൗണാവുന്ന സാഹചര്യമാണുള്ളത്. ഇതാണ് മുന്നറിയിപ്പ് നൽകാൻ കാരണം.