
കെഎസ്ഇബി കേരളത്തിലുടനീളം സ്ഥാപിച്ച വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളുടെ സമഗ്രമായ നവീകരണം ലക്ഷ്യമാക്കി രൂപം നല്‍കിയ ഇ.വി. ആക്‌സിലറേറ്റര്‍ സെല്ലിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. വൈദ്യുതി വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണെന്നും അവയ്ക്ക് ആവശ്യമായത്ര സുസജ്ജമായ ചാര്‍ജിംഗ് ശൃംഘല കേരളത്തിലുടനീളം സൃഷ്ടിക്കാന്‍ കെഎസ്ഇബിക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കാന്‍ കെഎസ്ഇബിയ്ക്കും അനര്‍ട്ടിനും സാധിച്ചിട്ടുണ്ടെങ്കിലും പരാതികള്‍ സത്വരമായി പരിഹരിച്ചുകൊണ്ട് ഏറ്റവും മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന കാര്യത്തിലും ശ്രദ്ധയൂന്നേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'റീവാമ്പിംഗ് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് എക്കോ സിസ്റ്റം ഇന്‍ കേരള' എന്ന വിഷയത്തില്‍ കെ.എസ്.ഇ.ബി. റോക്കി മൌണ്ടന്‍ ഇന്‍സ്റ്റിറ്റിയുട്ടുമായി സഹകരിച്ച് തിരുവനന്തപുരത്ത് നടത്തിയ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.