കണ്ണൂർ : കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം.
പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കൂടാതെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. അനീഷ് ജോർജിൻ്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മിഷനാണ്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിഎൽഒമാർ കടുത്ത സമ്മർദ്ദത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടി വരുന്നത് ബിഎൽഒമാരെ കൂടുതൽ സമ്മർദ്ദത്തിലാക്കി. ഇത് ബി.എൽ.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് സംയുക്ത സമരസമിതിആരോപിച്ചു.
ജോലി സമ്മര്‍ദ്ദമാണ് അനീഷ് ജോര്‍ജിന്റെ മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. എസ്ഐആറിന്റെ കാര്യത്തിൽ മകൻ കുറേ ദിവസമായി സമ്മർദത്തിലായിരുന്നെന്നും ആ ടെൻഷൻ ഇത്രത്തോളം എത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് അനീഷിന്റെ പിതാവ് ആരോപിച്ചു.മകന്റെ മരണത്തിൽ വ്യക്തികൾക്കോ സമൂഹത്തിനോ ഒരു ബാധ്യതയുമില്ലെന്നും അനീഷിന്റെ സ്വഭാവ ശീലത്താൽ വന്നുപോയ ടെൻഷൻ കൊണ്ടാണ് ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്നും പിതാവ് പറഞ്ഞു.
കുന്നരു യുപി സ്‌കൂളിലെ പ്യൂണാണ് അനീഷ് ജോര്‍ജ്. ഇന്നു രാവിലെയാണ് അനീഷിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടിലുള്ളവര്‍ പുറത്ത് പോയപ്പോഴായിരുന്നു സംഭവം നടന്നത്.ഇവര്‍ തിരിച്ചുവരുമ്പോള്‍ അനീഷിനെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. സംഭവത്തില്‍ പെരിങ്ങോം പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വീട്ടില്‍ നിന്ന് മൃതദേഹം മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.