ബിജെപി സ്ഥാനാര്‍ഥി ശ്രീലേഖയുടെ ഐപിഎസ് വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ | R Sreelekha

പഠിച്ച് പരീക്ഷ എഴുതിയെടുത്ത് ജയിക്കുന്നതല്ലേ. അപ്പോള്‍ അതു വയ്ക്കുന്നതു കൊണ്ടു കുഴപ്പമില്ല.
 R Sreelekha

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ഐപിഎസ് നീക്കംചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ശ്രീലേഖ ഐപിഎസ് എന്ന് പോസ്റ്റര്‍ അച്ചടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെതിരെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രശ്മി പരാതി നല്‍കിയത്. കമ്മീഷന്റെ നിര്‍ദേശത്തിന് പിന്നാലെ ചിലയിടങ്ങളിലെ പ്രചാരണ പോസ്റ്ററുകളില്‍ നിന്ന് ശ്രീലേഖയുടെ പേരിനൊപ്പമുള്ള ഐപിഎസ് മായ്ച്ചിട്ടുണ്ട്.

അതേ സമയം, പേരിനൊപ്പം ചേർത്ത ഐപിഎസ് നീക്കണമെന്ന് തനിക്ക് നിർദേശം വന്നിട്ടില്ലെന്നു തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാര്‍ഥി ആര്‍.ശ്രീലേഖ. പലരും അഡ്വക്കറ്റ്, കേണല്‍ തുടങ്ങിയ പദവികള്‍ ഉപയോഗിച്ചാണ് പ്രചാരണം നടത്തുന്നത്. ഏതു പദവിയാണോ വഹിച്ചിരുന്നത് ആ സ്ഥാനം വയ്ക്കാന്‍ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കുലറെന്നും ശ്രീലേഖ പറഞ്ഞു.

പഠിച്ച് പരീക്ഷ എഴുതിയെടുത്ത് ജയിക്കുന്നതല്ലേ. അപ്പോള്‍ അതു വയ്ക്കുന്നതു കൊണ്ടു കുഴപ്പമില്ല. എങ്കിലും റിട്ടയേഡ് എന്നു വയ്ക്കുന്നതാണ് നല്ലതെന്ന അഭിപ്രായം വന്നതുകൊണ്ടാണ് എല്ലാത്തിലും റിട്ടയേഡ് എന്നു വയ്ക്കാന്‍ പറഞ്ഞത്. ആദ്യം അതു വിട്ടു പോയതാണ്. മതിലുകളില്‍ എഴുതിയപ്പോള്‍ റിട്ടയേഡ് വച്ചിരുന്നു. പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും എല്ലാവര്‍ക്കും എന്നെ അറിയാമെന്ന് ശ്രീലേഖ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com