തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ചെന്ന പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തിയത് കോൺഗ്രസിനെ വെട്ടിലാക്കി. രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ചാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ പുതിയ പരാതി എത്തിയിരിക്കുന്നത്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും യുവതി പരാതി അയച്ചതായാണ് വിവരം.
തദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പരാതി ഉയർന്നത് യു ഡി എഫ് ക്യാമ്പിന്റെ ആത്മവീര്യം തകർത്തിരിക്കുകയാണ്. രാഹുലിനെതിരെ ഗുരുതര പരാതിയാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഉച്ചയോടെ എത്തിയത്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
കേരളത്തിന് പുറത്തുതാമസിക്കുന്ന 23 കാരിയാണ് ഇ മെയിൽ വഴി സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷനും പരാതി നൽകിയത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് പെണ്‍കുട്ടിയുടെ പരാതി. നേരത്തെ, ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ നിയമനടപടിക്ക് തയ്യാറല്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു.
അതേസമയം, ലൈംഗിക പീഡന പരാതിയെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവിയിൽ നിന്നും രാഹുലിനെ നേരത്തെ നീക്കിയെങ്കിലും കോൺഗ്രസ് അംഗമായി തുടരുകയാണ്. കോൺഗ്രസിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുൽ എം എൽ എസ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യമുന്നയിച്ചിരുന്നു.