കൊച്ചി: പെരുമ്പാവൂർ നഗരസഭാ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിലെ തർക്കത്തെത്തുടർന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് സ്വന്തം ഓഫീസ് നഷ്ടമായി. നഗരസഭാ അധ്യക്ഷ പദവിയെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ കെട്ടിട ഉടമ എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു. ഓഫീസിന്റെ ബോർഡ് ഇളക്കിമാറ്റുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.(Eldhose Kunnappilly MLA has lost his office, because of the angered building owner)
എംഎൽഎ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയുടെ ഭാര്യ ഇത്തവണ നഗരസഭയിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നു. ഇവരെ അധ്യക്ഷയാക്കണമെന്ന് കെട്ടിട ഉടമ ആവശ്യപ്പെട്ടിരുന്നെങ്കിലും പാർട്ടി കെ.എസ്. സംഗീതയെയാണ് അധ്യക്ഷയായി തിരഞ്ഞെടുത്തത്.
തന്റെ ഭാര്യയെ പരിഗണിക്കാതിരുന്നതിൽ പ്രകോപിതനായ കെട്ടിട ഉടമ, എംഎൽഎയോട് ഉടൻ തന്നെ ഓഫീസ് ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു. ഡിസംബർ ആദ്യമാണ് പെരുമ്പാവൂർ നഗരസഭയിലെ 20-ാം വാർഡിലെ ഈ വീട്ടിലേക്ക് ഓഫീസ് മാറ്റിയത്. ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോൾ ഓഫീസിന്റെ ബോർഡ് ഇളക്കി റോഡരികിൽ തള്ളിയ നിലയിലായിരുന്നു.