

തിരുവനന്തപുരം: പോളിംഗ് ബൂത്തിനുള്ളിൽ വോട്ട് ചെയ്യാനെത്തിയ വയോധിക കുഴഞ്ഞുവീണ് മരിച്ചു. തിരുവല്ലം വാർഡിൽപ്പെട്ട പാച്ചല്ലൂർ ഗവ. എൽപി സ്കൂളിലെ പോളിംഗ് ബൂത്തിലായിരുന്നു ദുഃഖകരമായ സംഭവം. മണമേൽ പ്ലാങ്ങൽ വീട്ടിൽ ശാന്ത (73) ആണ് മരിച്ചത്.(Elderly woman dies after collapsing at voting booth in Trivandrum)
സംഭവം നടന്നത് ഇന്നലെ രാവിലെ 11.40-ഓടെയാണ്. ആറാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ശാന്ത, നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൂണ്ടുവിരലിൽ മഷി പുരട്ടിയ ശേഷം വോട്ടിംഗ് കംപാർട്ട്‌മെന്റിലേക്ക് കടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ബൂത്തിലുണ്ടായിരുന്ന പോളിംഗ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവല്ലം പോലീസും ഉടൻ തന്നെ ഇടപെട്ട് ശാന്തയെ അടുത്തുള്ള അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കൾക്ക് പരാതിയില്ലാത്തതിനാൽ പോലീസ് തുടർനടപടികൾ ഒഴിവാക്കി മൃതദേഹം വിട്ടുനൽകി.