പൂന്തുറ : കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ ടൂറീസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാങ്ങപ്പാറ കുഞ്ചുവിള ക്ഷേത്രത്തിനുസമീപം അശ്വതി ഭവനിൽ ബി. ശശിധരൻ നായർ(68) ആണ് മരണപ്പെട്ടത്. ഇദ്ദേഹത്തോടൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന സുഹ്യത്ത് ഗംഗാധരൻ നായർ (82) ബസിന്റെ മുൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ദേശീയപാതയിലെ പരുത്തിക്കുഴി ജങ്ഷനിലായിരുന്നു അപകടം. പരുത്തിക്കുഴിഭാഗതെത്തി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ കോവളം ഭാഗത്തുനിന്ന് വരുകയായിരുന്ന ടൂറിസ്റ്റ് ബസ് ഇരുവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. ശശിധരൻനായരുടെ ഇടുപ്പെല്ലുകൾക്കും നട്ടെല്ലിനും തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വെളളിയാഴ്ച പുലർച്ചെ 1.10 ഓടെ മരിച്ചു.