
കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ പെട്രോളൊഴിച്ച് തീ കൊളുത്തി. ചോറ്റാനിക്കര അമ്പാടിമല ചേപ്പുറത്ത് വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്നാട് സ്വദേശികളാണ് ഈ ദാരുണ സംഭവത്തിന് പിന്നിൽ. ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം നടന്നതിങ്ങനെ
തമിഴ്‌നാട് സ്വദേശികളായ മാണിക്യനും മണികണ്ഠനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് വാക്കുതർക്കം ആരംഭിച്ചത്. തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങി.ഇതിനിടെ പ്രകോപിതനായ ജ്യേഷ്ഠൻ മാണിക്യൻ, കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് അനുജൻ മണികണ്ഠനെ തീ കൊളുത്തുകയായിരുന്നു.തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ മണികണ്ഠന് 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ ചോറ്റാനിക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.