കൊച്ചി: എളമക്കരയിൽ സൈക്കിളിൽ പോവുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനി ദീക്ഷിത അപകടത്തിൽപ്പെട്ട സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. വിദ്യാർത്ഥിനിയെ പിന്നിൽ നിന്ന് കാർ ഇടിച്ചുവീഴ്ത്തിയെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഈക്കോ വാനിന്റെ ഡോർ അശ്രദ്ധമായി തുറന്നതാണ് അപകടകാരണമെന്ന് പുതിയ സിസിടിവി ദൃശ്യങ്ങൾ തെളിയിച്ചു. സംഭവത്തിൽ വാനിലുണ്ടായിരുന്ന സുഭാഷ് നഗർ സ്വദേശി രാജിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അപകടം നടന്നയുടൻ പുറത്തുവന്ന ദൃശ്യങ്ങളിൽ ദീക്ഷിത റോഡിലേക്ക് മറിഞ്ഞുവീഴുന്നതും തൊട്ടുപിന്നാലെ വന്ന ഒരു കറുത്ത കാർ നിർത്താതെ പോകുന്നതുമാണ് കണ്ടിരുന്നത്. ഇതോടെ കാർ ഡ്രൈവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. എന്നാൽ സമീപത്തെ വീട്ടിൽ നിന്നുള്ള മറ്റൊരു സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് യഥാർത്ഥ സംഭവം പുറത്തുവന്നത്.
റോഡരികിൽ നിർത്തിയിട്ടിരുന്ന ഈക്കോ വാനിന്റെ ഡോർ പെട്ടെന്ന് തുറന്നപ്പോൾ സൈക്കിളിൽ വരികയായിരുന്ന ദീക്ഷിത അതിൽ തട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഈ സമയം ദീക്ഷിതയുടെ വശത്തു കൂടെ കടന്നുപോയ കാർ കുട്ടിയുടെ ശരീരത്തിൽ തട്ടിയിരുന്നില്ല. അപകടം നടന്നയുടൻ വാനിൽ നിന്നിറങ്ങി ദീക്ഷിതയെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചവരിൽ ഒരാളായിരുന്നു അറസ്റ്റിലായ രാജി. എന്നാൽ തന്റെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് ഇയാൾ വെളിപ്പെടുത്തിയിരുന്നില്ല.
അശ്രദ്ധമായി ഡോർ തുറന്ന് അപകടമുണ്ടാക്കിയതിനാണ് രാജിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ ചികിത്സയിലുള്ള ദീക്ഷിത അപകടനില തരണം ചെയ്തതായാണ് വിവരം.