തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002 ലെ കള്ളപ്പണ പ്രതിരോധ നിയമപ്രകാരം ഇരു സംഘടനകളുടെയും കേരളം ഉൾപ്പെടെയുള്ള ഇടങ്ങളിലെ 67.03 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
പോപ്പുലർ ഫ്രണ്ടിന്റെ കൈവശമുണ്ടായിരുന്ന സ്വത്ത് വിവിധ ട്രസ്റ്റുകളുടെയും രാഷ്ട്രീയ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ)യുടെയും പേരിലാണ് കൈവശം വച്ചിരുന്നതെന്നും ഇ.ഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഈ കേസിൽ ഇതുവരെ ആകെ 129 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതെന്നും ഇ.ഡി അറിയിച്ചു.
മലപ്പുറത്തെ ഗ്രീൻവാലി അക്കാദമി അടക്കമുള്ള എട്ട് സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഗ്രീൻവാലി ഫൗണ്ടേഷന്റെ ഭാഗമായുള്ള കെട്ടിടവും ഭൂമിയും, ആലപ്പുഴ സോഷ്യൽ കൾച്ചർ ആൻഡ് എജ്യൂക്കേഷൻ ട്രസ്റ്റ്, പത്തനംതിട്ടയിലെ പന്തളം എജ്യൂക്കേഷൻ ആൻഡ് കൾച്ചറൽ ട്രസ്റ്റ്, ഇസ്ലാമിക് സെന്റർ വയനാട്, ഹരിതം ഫൗണ്ടേഷൻ മലപ്പുറം, ആലുവ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടൻ ട്രസ്റ്റ്, എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി എന്നിവയാണ് കണ്ടുകെട്ടിയത്.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് ഇഡിയും എൻഐഎയും രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി. പോപ്പുലർ ഫ്രണ്ടിന് സഹായങ്ങൾ നൽകുന്നത് എസ്ഡിപിഐ ആണെന്നും ഇതുസംബന്ധിച്ച രേഖകൾ കിട്ടിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.