

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി. അൻവറിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ് അയച്ചു. കൊച്ചി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.
പി.വി. അൻവർ ബിനാമി ഇടപാട് നടത്തിയതായി ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്.അദ്ദേഹം കള്ളപ്പണം വെളുപ്പിക്കൽ (Money Laundering) നടത്തിയതായും ഇ.ഡി. കണ്ടെത്തി.2016-ൽ 14.38 കോടി ആയിരുന്ന പി.വി. അൻവറിൻ്റെ ആസ്തി 2021-ൽ 64.14 കോടിയായി വർധിച്ചു.
ഈ ആസ്തി വർധനവ് എങ്ങനെ സംഭവിച്ചുവെന്നതിന് അൻവറിന് കൃത്യമായ വിശദീകരണമില്ല.
കെ.എഫ്.സിയിൽ നിന്ന് എടുത്ത ലോൺ 'പി.വി.ആർ. മെട്രോ വില്ലേജ്' എന്ന പദ്ധതിക്ക് വേണ്ടിയാണ് ഉപയോഗിച്ചത്. എന്നാൽ വായ്പയായി ലഭിച്ച പണം ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് അല്ലാതെ ഉപയോഗിച്ചുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ.ബിനാമികളുടേതെന്ന് സംശയിക്കുന്ന 15 ബാങ്ക് അക്കൗണ്ടുകളും ഇ.ഡി. കണ്ടെത്തിയിരുന്നു.
നേരത്തെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (PMLA) വകുപ്പ് പ്രകാരമാണ് അൻവറിനെതിരെ നടപടി.കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിൻ്റെ 17-ാം വകുപ്പ് പ്രകാരം 11 കേന്ദ്രങ്ങളിലായിരുന്നു നേരത്തെ ഇ.ഡി. റെയ്ഡ് നടത്തിയത്.അൻവറിന് പണം നൽകിയവരിലേക്കും അന്വേഷണം നീളുമെന്നാണ് ഇ.ഡി. വൃത്തങ്ങൾ നൽകുന്ന സൂചന.