'രാഷ്ട്രീയ കലണ്ടർ അനുസരിച്ച് ED നോട്ടീസ് അയയ്ക്കുന്നു, ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ്': മന്ത്രി പി രാജീവ് | ED

നാഷണൽ ഹെറാൾഡ് കേസിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു
'രാഷ്ട്രീയ കലണ്ടർ അനുസരിച്ച് ED നോട്ടീസ് അയയ്ക്കുന്നു, ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ്': മന്ത്രി പി രാജീവ് | ED
Updated on

കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ് അയച്ചതിൽ രൂക്ഷവിമർശനവുമായി മന്ത്രി പി. രാജീവ്. രാഷ്ട്രീയ കലണ്ടർ അനുസരിച്ചാണ് ഇ.ഡി. നോട്ടീസ് അയക്കുന്നതെന്നും, തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.(ED is sending notices as per the political calendar, the target is local body elections, says P Rajeev)

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുമ്പായി പ്രചാരവേലയ്ക്ക് ആവശ്യമായ പരിസരം ഇ.ഡി. ഒരുക്കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പും ഇ.ഡി. നോട്ടീസുമായി ഇറങ്ങി. "തദ്ദേശ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് ഇപ്പോൾ കരുതിക്കാണും," അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈവേ വികസനത്തിലും ആശുപത്രികളും സ്കൂളുകളും പാലങ്ങളും നിർമ്മിക്കാനും വ്യവസായ വികസനത്തിനും പണം എടുക്കുന്നത് അനുവദിക്കില്ലെന്നാണ് ഇ.ഡി.യുടെ നിലപാട്. ദേശീയപാത അതോറിറ്റിയും മസാല ബോണ്ട് വാങ്ങിയിട്ടുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആ പണം ഉപയോഗിച്ച് സ്ഥലം ഏറ്റെടുത്തു. അതെല്ലാം ചട്ടപ്രകാരമാണെന്നാണ് പറയുന്നത്. അതുപോലെ സമാഹരിച്ച 25 ശതമാനം പണം സംസ്ഥാന സർക്കാർ മുടക്കുമ്പോൾ ചട്ട ലംഘനമാകുന്നതും ഇ.ഡി. നോട്ടീസ് അയക്കുന്നതും എങ്ങനെയാണ് എന്നും അദ്ദേഹം ചോദിച്ചു.

കോൺഗ്രസിന്റെ നേതാക്കളും മുൻ മുഖ്യമന്ത്രിമാരും ഇ.ഡി. കേസിനു പിന്നാലെ ബി.ജെ.പിയിലേക്ക് പോവുകയാണ്. അത് കോൺഗ്രസിന്റെ ശീലമാണ്. "നാഷണൽ ഹെറാൾഡ് കേസിലെ 988 കോടിയുടെ ഇ.ഡി. നോട്ടീസ് ഏത് ഡീൽ ആയിരിക്കും? 700 കോടിയിൽ അധികം സ്വത്തുക്കൾ പിടിച്ചെടുക്കാനും തീരുമാനമുണ്ടെന്നും അത് എന്ത് ഡീലിന്റെ അടിസ്ഥാനത്തിൽ ആണെന്നും വ്യക്തമാക്കണം." രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ അറിയാത്ത മട്ടിലാണ് പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ കാര്യത്തിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ഇരകൾക്ക് എതിരെയുള്ള ആക്രമണത്തെപ്പറ്റി കോൺഗ്രസ് നേതാക്കൾക്ക് തന്നെ വിശദീകരിക്കേണ്ടി വരുകയാണ്. മാധ്യമപ്രവർത്തകരും ശരിയായ നിലപാട് സ്വീകരിക്കുന്നുണ്ട്.

മുനമ്പം വിഷയത്തിൽ ഒരു വിഭാഗം സമരം തുടരുന്നതിൽ ആർക്കും എതിർപ്പില്ല. ബി.ജെ.പി.ക്കാർ അല്ലാത്തവർക്കും സമരം തുടരണമെങ്കിൽ തുടരാം. സമരസമിതിയുമായി മുഖ്യമന്ത്രി ഉൾപ്പെടെ നേരത്തേ ചർച്ച ചെയ്തിരുന്നു. സമരസമിതി തന്നെയാണ് സമരം നിർത്തുമെന്ന് അറിയിച്ചത്. അവരുടെ ക്ഷണം സ്വീകരിച്ചാണ് ഞങ്ങൾ അവിടെ പോയത്. കരം സ്വീകരിക്കുന്നതോടെ പോക്കുവരവ് ഉൾപ്പെടെയുള്ള കാര്യങ്ങളും സ്വാഭാവികമായി നടക്കുമെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും പി. രാജീവ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com