തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് അന്വേഷണ ഉദ്യോഗസ്ഥനും ഏറെ വിവാദങ്ങളിൽ ഇടംപിടിച്ച വ്യക്തിയുമായ ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ കേന്ദ്ര ധനകാര്യ മന്ത്രാലയം സർവീസിൽ നിന്ന് പുറത്താക്കി. കൈക്കൂലി ആരോപണം ഉൾപ്പെടെയുള്ള ഗുരുതരമായ പരാതികളിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് നടപടി. (ED Deputy Director P Radhakrishnan removed from service)
നിർബന്ധിത വിരമിക്കലിന് നിർദ്ദേശിച്ചുകൊണ്ടാണ് മൂന്ന് ദിവസം മുൻപ് ഉത്തരവിറങ്ങിയത്. കൈക്കൂലി വാങ്ങിയെന്നതുൾപ്പെടെയുള്ള വിവിധ സാമ്പത്തിക ക്രമക്കേടുകൾ രാധാകൃഷ്ണനെതിരെ ഉയർന്നിരുന്നു.
സ്വർണ്ണക്കടത്ത് കേസിൽ ഇദ്ദേഹത്തിനെതിരെ ആക്ഷേപം ഉയർന്നിരുന്നു. കൊച്ചി ഓഫീസിലായിരുന്ന ഇദ്ദേഹത്തെ നേരത്തെ ചെന്നൈയിലേക്കും പിന്നീട് ജമ്മു കശ്മീരിലേക്കും മാറ്റിയിരുന്നു. നിലവിൽ ജമ്മു കശ്മീരിലെ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.