പാലക്കാട്: രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ചു കൊണ്ട് ഷൊർണൂർ ഡിവൈഎസ്പി ആർ. മനോജ് കുമാർ വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടത് വിവാദമായി. രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആചാര ലംഘനം ഉണ്ടായെന്നും ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തിയെന്നും സ്റ്റാറ്റസിൽ ആരോപിക്കുന്നു.(DYSP's WhatsApp status criticizing the President's Sabarimala visit)
ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും, ആർക്കും വിഐപി പരിഗണന നൽകരുതെന്നും, വാഹനത്തിൽ മലകയറ്റരുതെന്നും ഹൈക്കോടതി വിധികളുണ്ടായിട്ടും ഇതെല്ലാം ലംഘിക്കപ്പെട്ടു. യൂണിഫോം ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥർ പതിനെട്ടാംപടി ചവിട്ടിയതും സ്റ്റാറ്റസിൽ വിമർശിക്കുന്നു.
ആചാര ലംഘനം അറിഞ്ഞിട്ടും കോൺഗ്രസും ബിജെപിയും നാമജപ യാത്രകൾ നടത്താത്തതിനെയും സ്റ്റാറ്റസ് ചോദ്യം ചെയ്യുന്നു. ഇത് പിണറായി വിജയനായിരുന്നെങ്കിൽ എന്താകുമായിരുന്നു പുകിൽ എന്നും സ്റ്റാറ്റസിലുണ്ട്. അപ്പോൾ പ്രശ്നം വിശ്വാസമോ ആചാരമോ അല്ല, രാഷ്ട്രീയമാണ് എന്നും സ്റ്റാറ്റസിൽ പറയുന്നു.
എന്നാൽ, ട്രെയിൻ യാത്രയ്ക്കിടെ വാട്‌സ്ആപ്പിൽ ലഭിച്ച ഒരു കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസ് ആയി പോയതാണെന്ന് ഡിവൈഎസ്പി ആർ. മനോജ് കുമാർ വിശദീകരിച്ചു.