കോഴിക്കോട് : വാടകരയിലെത്തിയ ഷാഫി പറമ്പിൽ എം പിയെ തടഞ്ഞ് ഡി വൈ എഫ് ഐ. അദ്ദേഹത്തിൻ്റെ കാർ ടൗൺഹാളിന് സമീപം അവർ തടഞ്ഞു നിർത്തി. കൊടിയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. (DYFI stops Shafi Parambil MP in Vadakara)
പോലീസ് ബലം പ്രയോഗിച്ചാണ് ഇവരെ ഇവിടെ നിന്ന് നീക്കിയത്. ഇതിനിടെ എം പി കാറിൽ നിന്ന് ഇറങ്ങുകയും, പ്രവർത്തകരുമായി വാഗ്വാദത്തിലേർപ്പെടുകയും ചെയ്തു. തനിക്കെതിരെ അസഭ്യ വർഷം നടത്തേണ്ട എന്ന് ഷാഫി പറഞ്ഞു. സമരം നടത്തിക്കോട്ടെ, പക്ഷേ അനാവശ്യം പറയരുത് എന്നാണ് അദ്ദേഹം പറഞ്ഞത്.
സമരക്കാർക്ക് പരിക്ക് പറ്റരുത് എന്ന് വരെ അദ്ദേഹം പോലീസിനോട് പറഞ്ഞു. നായ, പട്ടിയെന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും, പേടിച്ച് വടകര അങ്ങാടിയിൽ നിന്നും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 10 മിനിറ്റോളം നീണ്ടു നിന്ന സംഘർഷാവസ്ഥയ്ക്ക് പിന്നാലെയാണ് ഷാഫി കാറിൽ കയറി പോയത്.