തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് നടുറോഡിൽ ചിക്കൻ തന്തൂരി ചുട്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. വെള്ളറട ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം നടത്തിയത്.
ചൂണ്ടിക്കൽ ജംഗ്ഷനിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പ്രതിഷേധ ബോർഡുകളും, ജീവനുള്ള പൂവൻകോഴിയെയും കയ്യിലേന്തിയായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനമായി എത്തിയത്. തുടർന്ന് വെള്ളറട ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ അടുപ്പിൽ ചിക്കൻ തന്തൂരി പാചകം ചെയ്തു പ്രവർത്തകർ പ്രതിഷേധിച്ചു.'എന്താ മോളൂസേ ജാഡയാണോ' എന്ന തലക്കെട്ടോടെ രാഹുലിന്റെ ചിത്രം പതിച്ച ഫ്ലക്സും സ്ഥാപിച്ചിരുന്നു.
കുടപ്പനമൂട് ഷംനാദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കുന്നത്തുകാൽ നീരജ് ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് അരുൺകുമാർ, പഞ്ചായത്തംഗം സുധീഷ് , ഷൈൻ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.