

കോഴിക്കോട്: ആശുപത്രികളിൽ വിതരണം ചെയ്യുന്ന പൊതിച്ചോർ പദ്ധതിയെ പരിഹസിച്ച രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ബലാത്സംഗക്കേസിൽ അറസ്റ്റിലായതോടെ, രാഹുലിനെതിരെ അതേ പൊതിച്ചോർ ആയുധമാക്കി ഡി.വൈ.എഫ്.ഐ. രാഹുലിന്റെ അറസ്റ്റ് വാർത്ത അച്ചടിച്ചു വന്ന പത്രങ്ങളിൽ പൊതിച്ചോറ് പൊതിഞ്ഞ് വിതരണം ചെയ്താണ് പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.
ആശുപത്രികളിൽ വിതരണം ചെയ്യുന്ന പൊതിച്ചോർ പദ്ധതിയുടെ മറവിൽ അനാശാസ്യം നടക്കുന്നുവെന്ന് മുൻപ് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചിരുന്നു. ഈ പ്രസ്താവന സിപിഎം കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് രാഹുൽ അറസ്റ്റിലായ വാർത്ത വന്ന പത്രത്തിൽ തന്നെ പൊതിച്ചോറ് പൊതിഞ്ഞ് നൽകുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചത്.
ഇതിനിടെ, സീമ സജി എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ വന്ന കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി. "നിറഞ്ഞ മനസ്സോടെയാണ് പൊതി കെട്ടുന്നത്, ഉള്ളിൽ നല്ലൊരു കോഴിഫ്രൈ വെക്കാൻ മറന്നിട്ടില്ല" എന്നായിരുന്നു കുറിപ്പ്. ലൈംഗികാരോപണം നേരിടുന്ന രാഹുലിനെ പരിഹസിക്കാനാണ് 'കോഴിഫ്രൈ' എന്ന പ്രയോഗം നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്നലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി രാഹുലിനെ എത്തിച്ചപ്പോൾ ഡി.വൈ.എഫ്.ഐ, യുവമോർച്ച പ്രവർത്തകർ കടുത്ത പ്രതിഷേധവുമായി എത്തിയിരുന്നു. "ജയിലിൽ കഴിക്കാൻ അവന് ഈ പൊതിച്ചോറ് കൊടുക്കണേ" എന്ന മുദ്രാവാക്യങ്ങൾക്കൊപ്പം "കോഴി, കോഴി, കാട്ടുകോഴി..." എന്ന വിളികളും ഉയർന്നു. പോലീസ് വൻ സന്നാഹമൊരുക്കിയാണ് രാഹുലിനെ പ്രതിഷേധക്കാർക്കിടയിലൂടെ കൊണ്ടുപോയത്.