തിരുവനന്തപുരം : ആർ എസ് എസിനെതിരെ ആരോപണമുയർത്തിയതിന് ശേഷം അനന്തു അജി എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡി വൈ എഫ് ഐ. അനന്തുവിന്‍റേത് ആത്മഹത്യ അല്ലന്നും അല്ലെന്നും, ആർ എസ് എസ് നടത്തിയ കൊലപാതകം ആണെന്നും ഇവർ കൂട്ടിച്ചേർത്തു. ( DYFI on Ananthu Aji Suicide Case)
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞത് ഇത്ര ഗൗരവതരമായ വിഷയത്തിൽ പ്രതികരിക്കാൻ ആര്‍എസ്എസ് സംസ്ഥാന - ദേശീയ നേതൃത്വം തയാറായിട്ടില്ല എന്നാണ്. കുറ്റക്കാരെ സർക്കാർ അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരുമെന്നും, ശാഖകളിൽ ചെറുപ്രായത്തിൽ ക്രിമിനൽ വാസന ഉണ്ടാക്കുന്നുവന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിമിനലുകളെ വളർത്തുന്ന ഇടമാണ് ശാഖകൾ എന്നും അദ്ദേഹം വിമർശിച്ചു. സംഭവത്തിൽ സംസ്ഥാന വ്യാപക ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഡി വൈ എഫ് ഐ. അതേസമയം, സംഭവത്തിൽ നിധീഷ് മുരളീധരനെ ചോദ്യം ചെയ്യും. വീഡിയോയിൽ ഇയാളുടെ പേര് വെളിപ്പെടുത്തിയിരുന്നു.
തമ്പാനൂർ പൊലീസ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയിരുന്നു. നിധീഷ് ഒളിവിലാണ് എന്നാണ് സൂചന. സംഭവത്തിൽ ശക്‌തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്. നിധീഷ് മുരളീധരൻ്റെ കട ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തു. തകർത്തത് കാഞ്ഞിരപ്പള്ളി കപ്പാട് ഉള്ള ആശുപത്രി ഉപകരണം വിൽക്കുന്ന കടയാണ്. ഇന്ന് രാവിലെ ഡി വൈ എഫ് ഐ പ്രവർത്തകർ സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.