പാലക്കാട് മർദനമേറ്റ ഡി.വൈ.എഫ്.ഐ നേതാവ് വിനേഷിന്റെ നില അതീവ ഗുരുതരം; മൂന്നുപേർ അറസ്റ്റിൽ; ബ്ലോക്ക് സെക്രട്ടറി ഒളിവിൽ

പാലക്കാട് മർദനമേറ്റ ഡി.വൈ.എഫ്.ഐ നേതാവ് വിനേഷിന്റെ നില അതീവ ഗുരുതരം; മൂന്നുപേർ അറസ്റ്റിൽ; ബ്ലോക്ക് സെക്രട്ടറി ഒളിവിൽ
Published on

പാലക്കാട്: വാണിയംകുളത്ത് ഡി.വൈ.എഫ്.ഐ നേതാവ് വിനേഷിന് സഹപ്രവർത്തകരിൽ നിന്ന് ക്രൂര മർദനമേറ്റ സംഭവത്തിൽ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പനയൂർ സ്വദേശിയായ വിനേഷ് വെന്റിലേറ്ററിലാണ്.

ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിനേഷ് കമന്റ് ചെയ്തതിനെ തുടർന്നുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

വിനേഷിന്റെ തലച്ചോറിൽ തീവ്രമായ രക്തസ്രാവം ഉണ്ടായതായി ചികിത്സിക്കുന്ന ഡോക്ടർ ബിജു ജോസ് അറിയിച്ചു. യുവാവ് അതീവ ഗുരുതരാവസ്ഥയിലാണ്. വിനേഷ് രക്ഷപ്പെട്ടാൽ പോലും കോമയിലാകാനാണ് സാധ്യതയെന്നും ഡോക്ടർ വ്യക്തമാക്കി.

ഇടത്തെ കണ്ണിന് ചുറ്റും കറുപ്പ് പടർന്നിട്ടുണ്ട്. ശരീരത്തിൽ ചിലയിടങ്ങളിൽ ചതവുകളുണ്ട്. പുറമെയ്ക്ക് വലിയ പരുക്കുകളില്ലെങ്കിലും ആന്തരിക ക്ഷതമാണ് നില ഗുരുതരമാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ മൂന്ന് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.ഹാരിസ് (ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം), സുർജിത് (കൂനത്തറ മേഖല കമ്മിറ്റി ഭാരവാഹി), കിരൺ (കൂനത്തറ മേഖല കമ്മിറ്റി ഭാരവാഹി) എന്നിവരാണ് അറസ്റ്റിലായത്.പ്രധാന പ്രതിയായ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി രാകേഷിനും മറ്റ് രണ്ടു പ്രതികൾക്കുമായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇവർ ഒളിവിൽ പോയെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com