പാലക്കാട്: ചാരായക്കേസിലെ പ്രതിയെ ഡിവൈഎഫ്‌ഐ നെന്മാറ മേഖലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത് റദ്ദാക്കി. ഉണ്ണിലാലിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കാൻ കീഴ്ഘടകത്തിന് ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകി. എക്സൈസ് കേസ് നിലവിലുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടിയെന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി.(DYFI cancels the appointment of the liquor case accused as regional secretary)
2021 ജൂണിലാണ് നെന്മാറയിലെ ഒരു ഫാം ഹൗസിൽ നിന്ന് വ്യാജ ചാരായവും വാഷും എക്സൈസ് സംഘം പിടികൂടിയത്. പശു വളർത്തലിന്റെ മറവിൽ വാറ്റ് നടക്കുന്നുവെന്ന പരാതിയെത്തുടർന്നായിരുന്നു പരിശോധന. ഈ കേസിലെ മുഖ്യപ്രതിയായിരുന്നു ഫാം നടത്തിപ്പുകാരനായ ഉണ്ണിലാൽ.
അന്ന് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായിരുന്ന ഇയാളെ സംഭവം പുറത്തായതോടെ സംഘടനയിൽ നിന്ന് നീക്കിയിരുന്നു. ദീർഘകാലം ഒളിവിൽ പോയ ഉണ്ണിലാൽ പിന്നീട് മുൻകൂർ ജാമ്യമെടുത്താണ് നാട്ടിലെത്തിയത്. പഴയ കേസ് നിലനിൽക്കെ തന്നെ വീണ്ടും ഉണ്ണിലാലിനെ അതേ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് പാർട്ടി അണികൾക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായി. ഘടകത്തിന് സംഭവിച്ച വീഴ്ച പരിശോധിക്കും.