ദുൽഖർ സൽമാൻ നായകനായി എത്തിയ 'കാന്ത' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ സിനിമയിലെ തന്റെ ഗുരു ആരാണെന്ന ചോദ്യത്തിന് ദുൽഖർ പറഞ്ഞ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ആദ്യത്തെ ഗുരു മമ്മൂട്ടി ആണെന്നും അതിന് മാറ്റമില്ലെന്നും, പിന്നീട് താൻ ഗുരു സ്ഥാനത്ത് കാണുന്നത് സംവിധായകൻ അൻവർ റഷീദിനെ ആണെന്നും ദുൽഖർ പറയുന്നു. (Dulquer Salman)
"ആദ്യത്തെ ഗുരു അച്ഛൻ തന്നെയാണ്. അക്കാര്യത്തിൽ യാതൊരു മാറ്റവുമില്ല. പിന്നെ സ്കൂളിലും കോളേജിലുമൊക്കെ എന്നെ പഠിപ്പിച്ച അധ്യാപകർ. പിന്നീട് സംവിധായകൻ അൻവർ റഷീദാണ്. ഉസ്താദ് ഹോട്ടൽ സംവിധാനം ചെയ്തത് അദ്ദേഹമാണ്. ഇപ്പോഴും എന്റെ ഗുരുവായും മെന്ററായും ഞാൻ കണക്കാക്കുന്നയാളാണ് അമ്പുക്ക. ഇപ്പോഴും ഓരോ പടത്തിന്റെയും ട്രെയ്‌ലർ റിലീസായാൽ അമ്പുക്ക അഭിപ്രായം പറയാറുണ്ട്. 'നന്നായിട്ടുണ്ട്, അടിപൊളിയാവും' എന്നൊക്കായാണ് അദ്ദേഹം പറയുന്നത്. അന്നത്തെ ദിവസം ഞാൻ ഓക്കെയാകാൻ അത് മാത്രം മതി. എന്റെ ഓരോ നേട്ടത്തിലും അദ്ദേഹം അഭിമാനിക്കുന്നുണ്ടെന്ന് ഉറപ്പാണ്." ദുൽഖർ സൽമാൻ പറഞ്ഞു. ഹോണസ്റ്റ് ടൗൺഹാൾ എന്ന മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ദുൽഖറിന്റെ പ്രതികരണം.
'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സെൽവമണി സെൽവരാജിന്‍റെ ആദ്യ ഫീച്ചര്‍ ചിത്രമാണ് കാന്ത. 1950 കളിലെ തമിഴ് സിനിമാലോകത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടി കെ മഹാദേവന്‍ എന്ന യുവ സൂപ്പര്‍താരമായാണ് ദുല്‍ഖര്‍ വേഷമിട്ടിരിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഒരു പുതുമുഖ നടിയാണ് ചിത്രത്തില്‍ ഈ കഥാപാത്രം.
ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത് വേഫെറർ ഫിലിംസ് തന്നെയാണ്.