

റോസ് ബ്രാൻഡ് ബിരിയാണി റൈസ് ബ്രാൻഡ് അംബാസഡറും ചലച്ചിത്ര നടനുമായ ദുൽഖർ സൽമാന് ഉപഭോക്തൃ കോടതിയിൽ ഹാജരാകാൻ നിര്‍ദേശം. ഡിസംബര്‍ മൂന്നിന് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മിഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചത്. കാറ്ററിംഗ് കരാറുകാരനും കാറ്ററിംഗ് നടത്തി ഉപജീവനം നടത്തുന്നയാളുമായ പത്തനംതിട്ട വള്ളിക്കോട് പൗർണ്ണമി വീട്ടിൽ പി.എൻ ജയരാജൻ ഫയൽ ചെയ്ത ഹർജിയിലാണ് കമ്മീഷന്റെ ഉത്തരവ്.
റോസ് ബ്രാൻഡ് ബിരിയാണി റൈസ് വാങ്ങിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. റോസ് ബ്രാന്‍ഡ് ബിരിയാണി റൈസിന്റെ 50 കിലോ ചാക്കിൽ പാക്കിംഗ് തീയതിയും എക്‌സ്പയറി തീയതിയും ഉണ്ടായിരുന്നില്ല. ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പരാതിക്കാരൻ പറയുന്നത്.
2025 ആഗസ്റ്റ് 24-ാം തീയതി വള്ളിക്കോട് നടന്ന വിവാഹത്തിനാണ് റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് ഉപയോഗിച്ചത്. ബിരിയാണി റൈസ് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. മാനേജിംങ് ഡയറക്ടർ തലശേരി എ.കെ ട്രേഡേഴ്സ് ഒന്നാം പ്രതിയും മലബാർ ബിരിയാണി സ്പൈസ് പത്തനംതിട്ട രണ്ടാം പ്രതിയും ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാൻ മൂന്നാം പ്രതിയായും ആണ് കമ്മീഷനിൽ ഹർജി ഫയൽ ചെയ്തത്.