

300 കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'. എന്നാൽ ഈ നേട്ടത്തിലേക്ക് ലോകയെത്തിയത് എങ്ങനെയെന്ന് ഇപ്പോഴും അറിയില്ലെന്ന് പറയുകയാണ് ചിത്രത്തിൻ്റെ നിർമാതാവായ ദുല്‍ഖര്‍ സല്‍മാൻ. തന്റെ പുതിയ ചിത്രമായ 'കാന്ത'യുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന 'കാന്ത' നവംബർ 14-നാണ് തിയറ്ററുകളിലെത്തുന്നത്. (Lokah Chapter 1)
ഓഗസ്റ്റ് 28-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ലോകമെമ്പാടും 300 കോടി രൂപ നേടിയെങ്കിലും താനോ പ്രധാന വേഷങ്ങളിലെത്തിയ കല്യാണിയോ നസ്‌ലെനോ ഈ വിജയം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദുല്‍ഖര്‍ പറയുന്നു.
വിജയത്തിന്റെ 'ശാസ്ത്രം' കണ്ടെത്താനായിട്ടില്ല
ലോക ഇത്രയധികം ശ്രദ്ധനേടിയതിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞോ എന്ന ചോദ്യത്തിന് അത് പ്ലാൻ ചെയ്യാനോ പ്രവചിക്കാനോ കഴിയുന്ന ഒന്നല്ല എന്നായിരുന്നു ദുല്‍ഖറിൻ്റെ മറുപടി. ‘ഒരു സിനിമ വിജയിക്കുന്നതിന്റെ സയൻസ് എന്താണെന്ന് നമുക്ക് ഒരിക്കലും വേർതിരിച്ചെടുക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല’- ദുൽഖർ കൂട്ടിച്ചേർത്തു.
സത്യസന്ധതയോടെ സിനിമ നിർമ്മിക്കാനും എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മികച്ച കഥ പറയാനും മാത്രമേ സിനിമയുടെ ടീമിന് കഴിയൂ എന്നും ദുൽഖർ പറയുന്നുണ്ട്.
പണം നഷ്ടപ്പെടുമെന്ന് കരുതി
'ലോക'യുടെ വിജയം തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും വേൾഡ് ബിൽഡിങ്ങിനായുള്ള ആദ്യ ചിത്രത്തിൽ തങ്ങൾക്ക് പണം നഷ്ടപ്പെടുമെന്ന് കരുതിയിരുന്നു എന്നും ദുല്‍ഖര്‍ പറയുന്നു. ‘ബഡ്ജറ്റിന്റെ ഇരട്ടിയിലേറെ ചെലവ് വന്നതിനാലും മറ്റ് ചിത്രങ്ങൾക്കായി പാട്ടിൻ്റെ അവകാശങ്ങൾ വിൽക്കാൻ കഴിയാത്തതിനാലും ആദ്യഘട്ടത്തിൽ സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു. എന്നാൽ അവസാനം പുറത്തുവന്ന രീതിയിൽ ഏറെ സംതൃപ്തനായിരുന്നു. ബോൾഡായ, കൂളായ ചിത്രമായാണ് തോന്നിയിരുന്നത്. ചിത്രം വർക്കാവുകയാണെങ്കിൽ അടുത്ത ചാപ്റ്ററുകളെ പറ്റി ചിന്തിക്കാമെന്ന് കരുതിയിരുന്നു. പക്ഷെ ഇന്നത്തെ രീതിയിൽ ആകുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല’- ദുൽഖർ കൂട്ടിച്ചേർത്തു.