

കൊച്ചി: കൊച്ചിയിലെ ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയിൽ (ഐഎസ്ആർഎഫ്) ഉള്ള ഇന്ത്യയിലെ ആദ്യത്തെ കപ്പൽ അറ്റകുറ്റപ്പണി ക്ലസ്റ്റർ വിലയിരുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി കരാറിൽ ഒപ്പുവച്ച് ഡിപി വേൾഡ് കമ്പനിയായ ഡ്രൈഡോക്സ് വേൾഡും കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡും. മുംബൈയിൽ നടന്ന ഇന്ത്യ മാരിടൈം വീക്ക് 2025ൽ വെച്ച് ഡ്രൈഡോക്‌സ് വേൾഡിന്റെ സിഇഒ ക്യാപ്റ്റൻ റാഡോ അനോട്ടോലോവിച്ച്, കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായരും തമ്മിൽ ധാരണാപത്രം കൈമാറി.
അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകളിൽ സ്ഥിതിചെയ്യുന്ന ഐഎസ്ആർഎഫിൽ, അത്യാധുനിക ഷിപ്പ്ലിഫ്റ്റ് സംവിധാനവും വിവിധതരം കപ്പലുകൾക്ക് സേവനം നൽകാൻ ശേഷിയുള്ള ആധുനിക ഡോക്കിംഗ് സൗകര്യങ്ങളും ഉണ്ട്. സിഎസ്എല്ലും ഡ്രൈഡോക്സ് വേൾഡും ഒരുമിച്ച് കപ്പൽ അറ്റകുറ്റപ്പണി ക്ലസ്റ്റർ മേഖലയിലെ സഹകരണത്തിന്റെ സാധ്യതകൾ വിലയിരുത്തും. സമുദ്രവ്യാപാര മേഖലയിലെ ആഗോള സേവനങ്ങളിൽ ഉയർന്നുവരുന്ന കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ ഭാവി വളർച്ച സുഗമമാക്കുകയും ചെയ്യുന്നതാണ് ഈ സഹകരണം.
ഇന്ത്യയുടെ സമുദ്രവ്യാപാരപരമായ അടിസ്ഥാന സൗകര്യങ്ങളും മത്സരക്ഷമതയും ശക്തിപ്പെടുത്തുന്നതിനുള്ള ഡിപി വേൾഡിന്റെ പ്രതിബദ്ധതയിൽ കൊച്ചിൻ ഷിപ്പ് യാർഡുമായുള്ള പങ്കാളിത്തം ഒരു നാഴികക്കല്ലാണ് എന്ന് ഡ്രൈഡോക്സ് വേൾഡിന്റെ സിഇഒ, ക്യാപ്റ്റൻ റാഡോ അനോട്ടോലോവിച്ച് പറഞ്ഞു. സമുദ്രവ്യാപാര രംഗത്തെ മികവിന്റെ കാര്യത്തിൽ ഒരേ കാഴ്ചപ്പാട് വെച്ചുപുലർത്തുന്ന മേഖലയിലെ ഏറ്റവും മുൻനിര രണ്ടു സ്ഥാപനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതാണ് ഈ സഹകരണം എന്ന് കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ പറഞ്ഞു.