കോഴിക്കോട്: മാഹിയിൽ നിന്ന് മദ്യപിച്ച് കെ.എസ്ആർ.ടി.സി ബസ്സിൽ കയറിയ സ്ത്രീ കാരണം ബസ്സിന്റെ ട്രിപ്പ് മുടങ്ങിയാതായി റിപ്പോർട്ട്(KSRTC ). കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിച്ച ബസിലാണ് സംഭവം നടന്നത്. ബസ് മാഹിയിൽ എത്തിയപ്പോഴാണ് സ്ത്രീ ബസിൽ കയറിയത്. വടകരയിലേക്ക് ടിക്കറ്റെടുത്ത ഇവർ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നതിനാൽ ബസിന്റെ പിന്‍സീറ്റിലിരുന്ന് ഉറങ്ങി.
എന്നാൽ ബസ് വടകര പുതിയ സ്റ്റാന്റില്‍ എത്തിയതോടെ സ്ത്രീയെ ബസിലെ കണ്ടക്ടർ തട്ടിവിളിച്ചെങ്കിലും സ്ത്രീ ഉണർന്നില്ല. തുടർന്ന് പൊലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. ശേഷം വനിതാ പോലീസ് ഉദ്യോഗസ്ഥയെത്തി സ്ത്രീയെ ബസിൽ നിന്നും പുറത്തിറക്കുകയായിരുന്നു. ഇതോടെ ബസിന്റെ ട്രിപ്പ് മുടങ്ങി. പിന്നീട് യാത്രക്കാർക്കായി മറ്റൊരു ബസ് ഏർപ്പാട് ചെയ്തു നൽകുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.