
കൊച്ചി: ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം നടത്തുന്ന ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശി എഡിസനെ അറസ്റ്റ് ചെയ്തു. എന്‍സിബിയുടെ കൊച്ചി യൂണിറ്റ് മെലണ്‍ എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് കെറ്റാമെലോണ്‍ എന്ന മയക്കുമരുന്ന് ശൃംഖല തകര്‍ത്തത്.
ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്ക് 600ലധികം ലഹരി ഷിപ്‌മെന്റുകളാണ് ഇവര്‍ നടത്തിയത്.ഏകദേശം 35.12 ലക്ഷം രൂപ വിലമതിക്കുന്ന 1,127 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും, 70 ലക്ഷം രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ ആസ്തികള്‍ക്കൊപ്പം പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഒരേയൊരു 'ലെവല്‍ 4' ഡാര്‍ക്‌നെറ്റ് ഇടപാടുകാരാണ് പിടിയിലായതെന്ന് എന്‍സിബി അറിയിച്ചു.
വ്യാഴാഴ്ച കൊച്ചിയിലെത്തിയ പോസ്റ്റല്‍ പാര്‍സലുകളില്‍ 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ കണ്ടെത്തി. അന്വേഷണത്തില്‍ മൂവാറ്റുപുഴ സ്വദേശിയാണ് ഇത് ബുക്ക് ചെയ്തിരിക്കുന്നത് എന്ന് സ്ഥിരീകരിച്ചു.തൊട്ടടുത്തദിവസം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, 847 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും കൂടി പിടിച്ചെടുത്തു. പരിശോധനയില്‍, ഡാര്‍ക്ക്‌നെറ്റ് മാര്‍ക്കറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ ഉപയോഗിക്കുന്ന വിവരങ്ങളടങ്ങിയ ഒരു പെന്‍ഡ്രൈവ്, ഒന്നിലധികം ക്രിപ്‌റ്റോകറന്‍സി വാലറ്റുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ തുടങ്ങിയവ കണ്ടെടുത്തു.
ലോകത്തിലെ ഏറ്റവും വലിയ എല്‍എസ്ഡി വില്‍പനക്കാരനായ ഡോ. സ്യൂസിന്റെ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'വെണ്ടര്‍ ഗുംഗ ദിനി'ല്‍ നിന്നാണ് 'കെറ്റാമെലന്‍' എന്ന ഈ സംഘം പ്രധാനമായും ലഹരിമരുന്ന് ശേഖരിച്ചിരുന്നതെന്നാണ് എന്‍സിബി കണ്ടെത്തല്‍.
ആറുമാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് എന്‍സിബിക്ക് ലഹരി ശ്യംഖലയില്‍ കടന്നു കയറാനായത്.ഐപി അഡ്രസുകള്‍ മാറ്റിയുള്ള ഇടപാടുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നു. ഇടപാടുകാര്‍ക്കും കച്ചവടക്കാര്‍ക്കും തമ്മില്‍ പരസ്പരം അറിയില്ല എന്നതും ലഹരിക്കച്ചവടത്തിന് മറയായി.പ്രതിയെയും അയാളുടെ കൂട്ടാളിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍സിബി അറിയിച്ചു.