

കോഴിക്കോട്: നഗരത്തിൽ ലഹരിമരുന്ന് വേട്ട ശക്തമാക്കിയ ഡാൻസാഫ് സ്ക്വാഡിലെ പ്രധാന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ലഹരി മാഫിയ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങൾ പുറത്തുവരുന്നത് വലിയ ഭീഷണിയാണെന്ന് രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടി.(Drug mafia targeting DANSAF officials, Police to increase security)
ഈ മാസം മാത്രം ഒരു കിലോയോളം എം ഡി എം എ കോഴിക്കോട് നഗരത്തിൽ നിന്ന് പിടികൂടിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 2,094 പേരാണ് ലഹരി കേസുകളിൽ അറസ്റ്റിലായത്. വൻതോതിലുള്ള സാമ്പത്തിക നഷ്ടവും വിതരണ ശൃംഖല തകർന്നതും മാഫിയയെ പ്രകോപിപ്പിച്ചു.
ലഹരി വേട്ടയെക്കുറിച്ചുള്ള വാർത്തകൾ നൽകുമ്പോൾ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്തുവരുന്നത് ലഹരി സംഘങ്ങൾക്ക് അവരെ തിരിച്ചറിയാൻ എളുപ്പമാക്കുന്നു. ലഹരി വിരുദ്ധ സ്ക്വാഡിലെ മികച്ച ഉദ്യോഗസ്ഥരെയാണ് മാഫിയ പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. അതിനാൽ, റെയ്ഡുകളിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കർശനമായി രഹസ്യമാക്കി വെക്കണമെന്ന് നിർദ്ദേശമുണ്ട്. ഉദ്യോഗസ്ഥർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ലഹരി മാഫിയയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ആവശ്യപ്പെട്ടു.