പറവൂരിൽ ലഹരി മാഫിയാ സംഘങ്ങൾ ഏറ്റുമുട്ടി: വാടക വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞു; യുവതിക്ക് പരിക്കേറ്റു | Drug

സമീപത്തുനിന്ന് ഏതാനും സിറിഞ്ചുകൾ പോലീസ് കണ്ടെടുത്തു
Drug mafia gangs clash in Paravur, Explosives thrown at rented house
Updated on

എറണാകുളം: ഏഴിക്കര പഞ്ചായത്തിലെ നന്ത്യാട്ടുകുന്നം അമ്പാട്ട് കോളനിയിൽ ലഹരിമാഫിയാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഞായറാഴ്ച രാത്രി കാറിലെത്തിയ നാലംഗ സംഘം ഒരു വാടകവീട്ടിലേക്ക് സ്‌ഫോടകവസ്തുക്കൾ എറിയുകയും ആക്രമണം നടത്തുകയും ചെയ്തു. അക്രമത്തിനിടെ വാടകവീട്ടിൽ താമസിക്കുന്ന റോഷ്‌നി (25) എന്ന യുവതിയുടെ തലയ്ക്ക് ബിയർ കുപ്പികൊണ്ടുള്ള അടിയിൽ സാരമായി പരിക്കേറ്റു.(Drug mafia gangs clash in Paravur, Explosives thrown at rented house)

തിരുവനന്തപുരം പുല്ലുവിള സ്വദേശി എ.എൻ. വിജിനും റോഷ്‌നിയും മറ്റു രണ്ടു സ്ത്രീകളും താമസിക്കുന്ന വാടകവീട്ടിലേക്കാണ് കാറിലെത്തിയ സംഘം ആദ്യം ആക്രമണം നടത്തിയത്. അക്രമിസംഘം എറിഞ്ഞ സ്‌ഫോടകവസ്തുക്കളിലൊന്ന് പൊട്ടിത്തെറിച്ചു. സ്‌ഫോടന ശബ്ദവും പുകയും കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമിസംഘം കാറിൽ രക്ഷപ്പെട്ടു.

രാത്രി 12 മണിയോടെ ഇതേ നാൽവർ സംഘം വീണ്ടും അതേ വാഹനത്തിലെത്തി. വാടകവീട്ടിലുള്ളവരുമായി തർക്കത്തിനും ബഹളത്തിനുമിടെ രണ്ടാമത്തെ സ്‌ഫോടകവസ്തു എറിഞ്ഞു. ഇത് പൊട്ടിയില്ല. തുടർന്ന് റോഷ്‌നിയെ ബിയർ കുപ്പികൊണ്ട് അടിക്കുകയും മർദിക്കുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടർന്ന് പറവൂർ പോലീസ് സ്ഥലത്തെത്തി. പൊട്ടാത്ത സ്‌ഫോടകവസ്തു പോലീസ് ആളൊഴിഞ്ഞ പറമ്പിലേക്ക് മാറ്റുകയും ബോംബ് സ്‌ക്വാഡ് എത്തി അത് നിർവീര്യമാക്കുകയും ചെയ്തു.

രണ്ടു സംഘത്തിലുമുള്ളവർ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നവരാണെന്നാണ് പോലീസ് പറയുന്നത്. ലഹരിമാഫിയാ സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് വീടുകയറിയുള്ള ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ദമ്പതിമാരെന്ന വ്യാജേന രണ്ടുമാസം മുൻപാണ് വിജിനും റോഷ്‌നിയും ഇവിടെ വീട് വാടകയ്‌ക്കെടുത്തത്. പിന്നീട് ഒന്നിലധികം യുവതികളും താമസിക്കാൻ എത്തി. വീടിനകത്ത് വളർത്തുനായയെ സദാസമയം അഴിച്ചിട്ടിരുന്നതിനാൽ നാട്ടുകാർക്ക് ഇങ്ങോട്ട് അടുക്കാൻ കഴിഞ്ഞിരുന്നില്ല.

വാടകവീടിന് സമീപത്തുനിന്ന് ഏതാനും സിറിഞ്ചുകൾ പോലീസ് കണ്ടെടുത്തു. നേരത്തേ പാലാരിവട്ടത്ത് പോലീസുമായി വാക്കുതർക്കമുണ്ടാക്കിയ യുവതിയുടെ നേതൃത്വത്തിലാണ് വീടുകയറിയുള്ള ആക്രമണം നടന്നതെന്നാണ് സൂചന. പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com